അത്യാധുനിക ഫിഷ് സ്റ്റാളുകളുമായി മത്സ്യഫെഡ്
കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് മത്സ്യഫെഡിന്റെ 65 അത്യാധുനിക ഫിഷ് സ്റ്റാളുകള്‍ ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പുനലൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ആരംഭിച്ച മത്സ്യഫെഡ് ഫിഷ് മാര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആര്യങ്കാവ് ഉള്‍പ്പെടെ ജില്ലയിലെ കിഴക്കന്‍ മേഖലകളിലേക്കും ഫിഷ് സ്റ്റാളുകള്‍ വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. മത്സ്യങ്ങളുടെ ഗുണമേന്‍മ ഉറപ്പുവരുത്തുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൃത്രിമത്വം കാണിക്കുന്നവരില്‍ നിന്നും വലിയ തുക പിഴയായി ഈടാക്കാന്‍ നിയമനിര്‍മാണം നടന്നുവരികയാണ്. മത്സ്യവിഭവങ്ങളുടെ വൈവിധ്യവത്കരണത്തിനും പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കിഴക്കന്‍ മേഖലയുടെ ചിരകാല അഭിലാഷമാണ് ഇത്തരം സംരംഭങ്ങളെന്നും വിഷരഹിതമായ മത്സ്യം ലഭിക്കുവാനുള്ള സാഹചര്യമാണ് മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ടിലൂടെ പുനലൂര്‍ക്കാര്‍ക്ക് കൈവന്നതെന്നും മന്ത്രി കെ രാജു പറഞ്ഞു.
മുനിസിപ്പല്‍ ചെയര്‍മാന്‍ കെ രാജശേഖരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സുശീല രാധാകൃഷ്ണന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ ലോറന്‍സ് ഹരോള്‍ഡ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ എം മുഹമ്മദ് ഷെരീഫ്, മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി ഓമനക്കുട്ടന്‍, സുഭാഷ് ജി. നാഥ്, സാബു അലക്‌സ്, ബി സുജാത, അംജിത്ത് ബിനു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.