നീർമാതളം പൂത്തകാലം
നീർമാതളം കാണുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് മാധവികുട്ടിയുടെ നീർമാതളം പൂത്തകാലവും അത് നൽകിയ ഗൃഹാതുരത്വവും ആയിരിക്കും. ഇന്ത്യയിലെങ്ങും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് നീർമാതളം. ക്രട്ടേവ മാഗ്ന എന്നാണ് ശാസ്ത്രനാമം. കപ്പാരേസിയെ കുടുംബത്തിലെ അംഗമാണ്. പുഴയുടെയും തോടുകളുടെയുമൊക്കെ അരികിലായിരിക്കും ഇവ കൂടുതലായും കാണപ്പെടുന്നത്.
പത്ത് മുതൽ പന്ത്രണ്ട് മീറ്റർ വരെ ഉയരം വയ്ക്കും ഇവയ്ക്ക്. ചാരനിറമാണ് നീർമാതള ത്തിന്റെ തൊലിക്ക്. മാർച്ച് ഏപ്രിൽ മാസങ്ങളാണ് നീർമാതളത്തിന്റെ പൂക്കാലം. പൂക്കൾക്ക് മഞ്ഞ കലർന്ന വെളുപ്പു നിറമാണ്. വിത്തുകൾ വഴിയാണ് പ്രത്യുൽപാദനം. വിത്തു വിതച്ച് 3 മാസത്തിനുശേഷം തൈകൾ പറിച്ചു നടണം.
ആയുർവേദത്തിലും സിദ്ധവൈദ്യത്തിലും നീർമാതളത്തിന് ഒത്തിരി പ്രാധാന്യമുണ്ട്. ഇവയുടെ തൊലി വാതരോഗത്തിനുള്ള ഉത്തമ ഔഷധമാണ്. മൂത്രാശയക്കല്ലിനും നീർമാതളം ഒരു പരിഹാരമാണ്. ഇവയുടെ തണ്ടിനും ഇലകൾക്കും ആന്റിഓക്സിഡന്റായി പ്രവർത്തിക്കുവാനുള്ള കഴിവുണ്ട്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാനും ഇവയ്ക്ക് കഴിയും.