പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി കൃഷിവകുപ്പിന്റെ പുത്തൻ പദ്ധതികൾ
വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി പുത്തൻ പദ്ധതികൾ ആവിഷ്കരിക്കുകയാണ് കൃഷിവകുപ്പ്. പോഷക സമൃദ്ധി മിഷന്റെ ഭാഗമായി എല്ലാ വീടുകളിലും പച്ചക്കറിത്തോട്ടം ഒരുക്കുന്നതിന് കൃഷിവകുപ്പ് നിരവധി സഹായമാണ് നൽകുന്നത്.
പച്ചക്കറി വിത്ത് വിതരണം
പോഷക സമൃദ്ധി മിഷന്റെ ഭാഗമായി 100 രൂപയ്ക്കുള്ള ഹൈബ്രിഡ് വിത്ത് കിറ്റ് എല്ലാ കൃഷിഭവനുകൾ വഴിയും സൗജന്യമായി വിതരണം ചെയ്യുന്നു. 50 സെന്റ് കൂടുതൽ കൃഷി ചെയ്യുന്ന ചെറുകിട കർഷകർക്ക് പദ്ധതി ആനുകൂല്യം ലഭ്യമാകും. ഹൈബ്രിഡ് വിത്തുകൾക്ക് പുറമേ വീട്ടുവളപ്പിലെ കൃഷിക്കായി കർഷകർ/ കർഷക ഗ്രൂപ്പുകൾ/ കൃഷിക്കൂട്ടങ്ങൾ /എൻജിഒ/ റസിഡൻസ് അസോസിയേഷനുകൾ എന്നിവർക്ക് കൃഷിഭവനുകൾ മുഖേനെ സൗജന്യമായി 10 രൂപയുടെ പച്ചക്കറി വിത്ത് വിതരണം ചെയ്യും. ശീതകാല പച്ചക്കറികൾ ഉൾപ്പെടെ തൈ ഒന്നിന് രണ്ടര രൂപ വില വരുന്ന പച്ചക്കറി തൈകളും സൗജന്യമായി വിതരണം ചെയ്യും.
നടീൽ വസ്തുക്കൾ
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ വെള്ളാനിക്കരയിൽ ഉള്ള പ്ലാന്റ് പ്രൊപ്പഗേഷൻ നേഴ്സറി മാനേജ്മെന്റ് യൂണിറ്റ് പച്ചക്കറി വിത്തുകളും പച്ചക്കറി, ഫലവൃക്ഷങ്ങൾ, കുരുമുളക്,അലങ്കാര സസ്യങ്ങൾ എന്നിവയുടെ തൈകളും വില്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. വിളിക്കേണ്ട നമ്പർ 0 4 8 23 74 332
സ്ഥാപനങ്ങൾക്ക് സഹായം
നന സൗകര്യമുള്ള 30 സെന്റിൽ കുറയാതെ കൃഷി ചെയ്യാൻ സ്ഥലമുള്ള സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. വിദ്യാലയങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ചെടിച്ചട്ടി കണ്ടെയ്നർ കൃഷി
നഗരപ്രദേശങ്ങളിലെ റസിഡൻസ് അസോസിയേഷനുകൾ, നഗര കർഷകർ എന്നിവർക്ക് പച്ചക്കറി കൃഷി ചെയ്യുന്നതിന് 25 പരിസ്ഥിതി സൗഹൃദ ചട്ടികളും കാർഷിക സർവകലാശാല ശുപാർശ ചെയ്യുന്ന ഗുണനിലവാരമുള്ള നടീൽ മിശ്രിതവും വിതരണം ചെയ്യുന്നു. 5000 രൂപ വില വരുന്ന ഒരു യൂണിറ്റിന് 75% നിരക്കിൽ 3750 രൂപ സബ്സിഡി നൽകും.
വാണിജ്യ പച്ചക്കറി കൃഷി
തനത് പച്ചക്കറി വിളകളുടെ സംരക്ഷണം, പ്രവർധനം, വിതരണം, ഉപഭോഗം എന്നിവ വർദ്ധിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതി അടിസ്ഥാനത്തിൽ ഹെക്ടറിന് ₹25,000 രൂപ സഹായം നൽകും. ക്ലസ്റ്റർ അടിസ്ഥാനത്തിൽ കർഷകരുടെ പക്കൽ ഉള്ള തനത് വിത്ത് ഉപയോഗിച്ച് 80 ഹെക്ടറിൽ കൃഷി വ്യാപനത്തിന് ലക്ഷ്യമിടുന്നു.