നോനി പഴങ്ങൾ
സർവ്വഗുണ സമ്പന്നനയാണ് നോനി പഴങ്ങൾ. മൊറിൻഡ സിട്രിഫോളിയ എന്നാണ് ശാസ്ത്രനാമം. റൂബിയേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. അതായത് കാപ്പിച്ചെടിയുടെയൊക്കെ കുടുംബം. ഇന്ത്യൻ മൾബറി, ബീച്ച് മൾബറി, ഗ്രേറ്റ് മൊറിൻഡ എന്നൊക്കെ വിളിപ്പേരുണ്ട് നോനി പഴത്തിന്.
ചെറു മരമാണ് നോനി. കടുംപച്ചനിറത്തിലുള്ള തിളങ്ങുന്ന ഇലകൾ. ഒന്നര വർഷം കൊണ്ട് വളർച്ച പ്രാപിക്കുന്ന സസ്യമാണ് ഇവ. വർഷത്തിൽ എല്ലായിപ്പോഴും പൂക്കൾ ഉണ്ടാകും. ചവർപ്പ് രുചിയാണ് നോനി പഴങ്ങൾക്ക്. പഴുക്കുമ്പോൾ മഞ്ഞ നിറമാകും. ക്ഷാമകാലത്തെ ഭക്ഷണമായതുകൊണ്ട് "വിശപ്പിന്റെ ഫലം" എന്നും ഇവയെ വിളിക്കാറുണ്ട്.
വൈറ്റമിൻ സിയുടെ കലവറയാണ് നോനി പഴങ്ങൾ. ബ്രോമിലിൻ, ബീറ്റാകരോട്ടിൻ, ലിനോലെനിക് ആസിഡ്, എന്നീ ഘടകങ്ങളും ഒത്തിരി അടങ്ങിയിട്ടുണ്ട് നോനി പഴത്തിൽ. നോനി പഴത്തിലെ ഗവേഷണങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നതേയുള്ളൂ. പോഷകങ്ങളാൽ സമൃദ്ധമാണ് നോനി പഴത്തിന്റെ ജ്യൂസ്. സൗന്ദര്യവർധക വസ്തുക്കളിലും ഇവ ഉപയോഗിക്കാറുണ്ട്. ഔഷധഗുണങ്ങളും ഒത്തിരിയുണ്ട് നോനിക്ക്.
ആരാലും ശ്രദ്ധിക്കപ്പെടാതെ വളർന്നിരുന്ന നോനി മരത്തിന്റെ വാണിജ്യ സാധ്യതകൾ തിരിച്ചറിഞ്ഞതോടെ ഇവയെ ഇപ്പോൾ വൻതോതിൽ കൃഷി ചെയ്യുന്നുണ്ട്. നോനിയുടെ ഒരു ലിറ്റർ സിറപ്പിന് വിപണിയിൽ 1200 രൂപ വരെ വിലയുണ്ട്. രണ്ട് മീറ്റർ അകലത്തിലാണ് തൈകൾ നടേണ്ടത്. അര മീറ്റർ ചുറ്റളവിൽ കുഴിയെടുത്ത് മേൽമണ്ണും ചാണകപ്പൊടിയും കുഴികളിൽ നിറയ്ക്കണം. ഇടയ്ക്ക് നനച്ചു കൊടുക്കുന്നത് വിളവു കൂട്ടും. കൂടുതൽ പരിചരണമൊന്നും ആവശ്യമില്ല നോനിക്ക്.