ഇനി തണ്ണീർ മത്തൻ നടീൽദിനങ്ങൾ; തണ്ണീർ മത്തൻ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം
ഇത്തവണ വേനൽ കടുത്തതാകും എന്ന് കാലാവസ്ഥാ ജ്യോതിഷന്മാർ...
വേനൽ കടുക്കുമെങ്കിൽ തണ്ണിമത്തൻ കൃഷി പൊളിയ്ക്കും.പണ്ടത്തെപ്പോലെയല്ല, ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ വർഷം മുഴുവൻ തണ്ണിമത്തൻ വാങ്ങാൻ കിട്ടും. നാടൻ തന്നെ വേണമെന്നില്ല, മറുനാടൻ ആയാലും മതി, മ്മക്ക് താങ്ങാവുന്ന നിരക്കിൽ കിട്ടണം.
നവംബർ-ഡിസംബർ മാസങ്ങൾ തണ്ണിമത്തൻ കൃഷി തുടങ്ങാൻ പറ്റിയ സമയമാണ്.
"കാലം നോക്കി കൃഷി, മേളം നോക്കി ചാട്ടം"എന്നല്ലേ കൃഷി ഗുരുവരുൾ.
തണ്ണിമത്തൻ കൃഷിയ്ക്കായി സ്ഥലം തെരഞ്ഞെടുക്കുമ്പോൾ 8-10 മണിക്കൂർ വെയിൽ കിട്ടുന്ന,നല്ല ഇളക്കമുള്ള,നീർ വാർച്ചയുള്ള സ്ഥലം തന്നെ വേണം.രാവിലെ കിട്ടുന്ന വെയിൽ ചെടികൾക്ക് കൂടുതൽ ഗുണം ചെയ്യും.വെയിലും നീർവാർച്ചയും തണ്ണിമത്തന് മുഖ്യം
വെയിലുണ്ടെങ്കിലേ വിളവുള്ളൂ...
അകലം :പരമ്പരാഗത രീതിയിൽ നടുമ്പോൾ അടുത്തടുത്ത രണ്ട് വരികൾ തമ്മിൽ 3 മീറ്റര്‍ അകലം . വരിയിലെ തടങ്ങൾ തമ്മിൽ 2 മീറ്ററും (ഈ രീതിയിൽ ഒരു സെന്റിൽ 7 തടം ).ഒരു തടത്തിൽ കൂടുതൽ വിത്തിട്ട്, കരുത്തുള്ള മൂന്ന് തൈകൾ നിർത്താം.
അകലം കുറഞ്ഞാൽ അഥവാ ചെടികൾ കൂടുതൽ അടുത്ത്, ഒരു വള്ളിയുടെ പുറത്ത് കൂടി മറ്റൊന്ന് വളരാൻ ഇടയായാൽ കുമിൾ രോഗങ്ങൾ ഉറപ്പാണ്.
കാത്തിരിപ്പാണ് പൊടിപ്പൂപ്പ് (Powdery Mildew ), മൃദുരോമപ്പൂപ്പ് (Downy Mildew ) രോഗങ്ങൾ.
ആഴത്തിൽ കുഴി കുത്തി,അകലത്തിൽ നടണം.വേരുകൾക്ക് നല്ല ആഴത്തിൽ അർമ്മാദണം. ശിഖരങ്ങൾക്ക് തടസ്സമില്ലാതെ തറയിൽ നീണ്ട് നിവർന്നുകിടക്കണം.ഇലകൾക്ക് മറവില്ലാതെ സൂര്യനെ ആവാഹിക്കണം.രണ്ടടി വ്യാസവും ഒന്നര അടി ആഴവും ഉള്ള കുഴികൾ എടുത്ത് ,മേൽമണ്ണ് തിരികെ കുഴിയിൽ ഇട്ട് പകുതി കുഴി മൂടി, 200 ഗ്രാം കുമ്മായം ചേർത്ത് നന്നായി ഇളക്കി, 14 ദിവസം കഴിഞ്ഞ്, ഒരു തടത്തിൽ 15 കിലോ അഴുകി പൊടിഞ്ഞ ചാണകപ്പൊടി, 40 ഗ്രാം യൂറിയ, 75 ഗ്രാം മസ്സൂറിഫോസ്, 25 ഗ്രാം പൊട്ടാഷ് എന്നിവ ചേർത്ത്, ഒരു തടത്തിൽ 4-5 വിത്തുകൾ പാകാം.ജൈവ രീതി പിന്തുടരുന്നവർ യൂറിയയ്ക്ക് പകരം കോഴിവളവും മസ്സൂറിഫോസിന് പകരം നന്നായി പൊടിഞ്ഞ എല്ലുപൊടി /മുട്ടത്തോട്, പൊട്ടാഷിന് പകരം ചാരം എന്നിവയും അടിസ്ഥാന വളമായി കൊടുക്കുക. അടിസ്ഥാനവളം തടത്തിലെ മണ്ണുമായി നന്നായി കൊത്തിചേർത്ത് കൊടുക്കണം.
സങ്കരയിന വിത്തുകൾ (വില കൂടുതലാണ് ) എങ്കിൽ 3:1 ഒന്ന് എന്ന അനുപാതത്തിൽ ചകിരിച്ചോറും അരിച്ച ചാണകപ്പൊടി/മണ്ണിരക്കമ്പോസ്റ്റ് ചേർത്ത മിശ്രിതത്തിൽ മുളപ്പിച്ച്,തൈകൾ പറിച്ച് നടാം.Open pollinated ആയ വിത്തുകൾ (വില കുറവാണ് ) ആണെങ്കിൽ ഒരു തടത്തിൽ അഞ്ചോ ആറോ വിത്തുകൾ ഇട്ട്, നാല്-ആറ് ഇലകൾ വന്ന ശേഷം കരുത്തുള്ള മൂന്ന് ചെടികൾ നിർത്തി ബാക്കിയുള്ളവ പിഴുത് കളയണം.
ചുരയ്ക്കയുടെ തൈകളിൽ തണ്ണിമത്തൻ തൈകൾ ഗ്രാഫ്റ്റ് ചെയ്തും പരീക്ഷിക്കാം
വള്ളികൾ പടരാൻ തുടങ്ങുമ്പോൾ വേണമെങ്കിൽ ഓലകൾ തറയിൽ ഇട്ടു കൊടുക്കാം. പ്ലാസ്റ്റിക് മൾച്ചിങ് ഉണ്ടെങ്കിൽ വളരെ നല്ലത്. വൈക്കോൽ ചുരുങ്ങിയ ചെലവിൽ കിട്ടുമെങ്കിൽ അതുപയോഗിച്ചും പുതയിടാം.
ചെടികളിൽ രണ്ടോ മൂന്നോ ശിഖരങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ഗുണം ചെയ്യും. അതിനായി തൈ വളർന്ന് ഒരടി നീളമെത്തുമ്പോൾ മൂർച്ചയുള്ള കത്തികൊണ്ട് മണ്ട മുറിച്ച് മാറ്റാം. അവിടെ നിന്നും മുളയ്ക്കുന്ന ശിഖരങ്ങളിൽ പരമാവധി മൂന്നെണ്ണം മാത്രം നിർത്താം. മൊത്തം ഒരു ചെടിയിൽ മൂന്ന് അല്ലെങ്കിൽ നാല് കായ്കൾ മാത്രമേ നിർത്താവൂ. ബാക്കിയുള്ള പെൺപൂക്കൾ നുള്ളിക്കളയണം.നല്ല വലിപ്പമുള്ള കായ്കൾ കിട്ടാൻ ഇത് മുഖ്യം രമണാ....
എണ്ണം കൂടുമ്പോൾ വണ്ണം കുറയും.വള്ളി വീശുമ്പോഴും, പൂക്കൾ നിറയെ വരാൻ തുടങ്ങുമ്പോഴും 25 ഗ്രാം വീതം യൂറിയ മണ്ണിൽ, മേൽ വളമായി ചേർത്ത് കൊടുക്കാം .ജൈവ രീതിയിൽ ചെയ്യുന്നവർ നീട്ടിക്കലക്കിയ പച്ചചാണകം, നേർപ്പിച്ച ഗോമൂത്രം, ഫിഷ് അമിനോ ആസിഡ്, ദ്രവ ജീവാമൃതം എന്നിവ അൽപാല്പം കൂട്ടിക്കലർത്തിയോ ഒറ്റയ്ക്കോ ഒഴിച്ച് തടം കുതിർക്കാം.തടങ്ങളിൽ നന്നായി കരിയിലകൾ കൊണ്ട് പുതയിടുന്നത് നല്ലതാണ്. കരിയിലകൾ വള്ളികളിൽ മുട്ടാതെ നോക്കണം.മിതമായി മാത്രം നനച്ചു കൊടുക്കുക. തളിച്ച് നനയ്ക്കുന്നത് ഒഴിവാക്കിയാൽ കൊള്ളാം. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ. ഇലകളിൽ ജലാംശം തങ്ങി നിന്നാൽ Powdery Mildew, Downy Mildew പോലെയുള്ള ഫംഗൽ രോഗങ്ങൾ പെട്ടെന്ന് പിടികൂടിയേക്കാം.
Prevention is the Cure.
രണ്ടാഴ്ച കൂടുമ്പോൾ, രാവിലെ സ്യൂഡോമോണാസ് 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുകയും തടങ്ങളിൽ ഒഴിച്ച് കുതിർക്കുകയും ചെയ്യാം.
പൂക്കുമ്പോഴും കായ് പിടിക്കുമ്പോഴും ഒന്നിട വിട്ട ദിവസങ്ങളിൽ നനയ്ക്കാം.
പൂക്കൾക്ക് ആവശ്യമെങ്കിൽ പരാഗണസഹായം ചെയ്ത് കൊടുക്കാം.(വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ഇത് അത്ര എളുപ്പമല്ല ).
കായ്കൾ മൂത്തു വരുമ്പോൾ നന കുറയ്ക്കണം.ആവശ്യമെങ്കിൽ ചൂടിൽ നിന്ന് രക്ഷിക്കാൻ കായ്കൾ ഇലകൾ കൊണ്ട് മൂടിക്കൊടുക്കാം. കായ്കൾ വെടിച്ചുകീറാതെ നോക്കണം.
മത്തൻ വണ്ടുകൾ, ആമ വണ്ട്, കായീച്ച എന്നിവ വരാതെ നോക്കണം. നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലികൾ ഓട്ടോ പിടിച്ചാണെങ്കിലും എത്തുമല്ലോ..അപ്പോ നിരീക്ഷണം റൊമ്പ മുഖ്യം.തൈ നട്ട് 75-100 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയും.
Early, Mid, Late എന്നിങ്ങനെ ഇനങ്ങൾക്ക് അനുസരിച്ചു ഇത് വ്യത്യാസപ്പെടാം.
വള്ളിയും അതിന്റെ tendrils (സ്പ്രിങ് പോലെ ഉള്ള ഭാഗം ) ഒക്കെ ഉണങ്ങാൻ തുടങ്ങി, തറയിൽ പറ്റി ഇരിക്കുന്ന കായുടെ ഭാഗം വിളറിയ വെളുത്ത നിറത്തിൽ നിന്നും ഇളം മഞ്ഞ നിറമാകുമ്പോൾ , കായിൽ തട്ടി നോക്കുമ്പോൾ അടഞ്ഞ ശബ്ദം കേൾക്കുന്ന പാകമാകുമ്പോൾ വിളവെടുക്കാം.ഒരു തടത്തിൽ നിന്നും 15 കിലോ വരെ കായ്കൾ ലഭിക്കും.
നിരവധി മികച്ച ഇനങ്ങൾ വിപണിയിൽ ഉണ്ട്.
ഷുഗർബേബി ഇനത്തിന് നീല കലർന്ന കറുപ്പ് നിറമുള്ള തോടും കടുത്ത പിങ്ക് നിറമുള്ള കാമ്പും ചെറിയ വിത്തുകളും ആണ്. 3-5 കിലോ വരെ തൂക്കം ഉള്ള കായ്കൾ കിട്ടും.85 ദിവസം കൊണ്ട് കായ്കൾ മൂപ്പെത്തും.ബാംഗ്ലൂരിൽ ഉള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ റിസർച്ചിൽ നിന്നും ഇറങ്ങിയ ഇനങ്ങൾ ആയ വലിയ കായ്കൾ ഉള്ള Arka Manik, Arka Jyothy, Arka Akash, ഇടത്തരം കായ്കൾ ഉണ്ടാകുന്ന Arka Muthu , നേരത്തെ കായ്കൾ പിടിക്കുന്ന കടും പച്ച നിറമുള്ള തോടോട് കൂടിയ Arka Shyama, ഇളം പച്ച തോടിൽ കടും പച്ച വരയുള്ള Arka Aiswarya എന്നിവയും നല്ല ഇനങ്ങൾ തന്നെ.കിരൺ എന്ന കടും പച്ച നിറമുള്ള ചെറിയ കായ്കൾ ഉള്ള ഇനം വിപണിയിലെ താരമാണ്.Bayer കമ്പനി പുറത്തിറക്കിയ (Seminis Seeds )Yellow Gold എന്ന മഞ്ഞ കാമ്പുള്ള ഇനം നല്ല മധുരവും ഷെൽഫ് ലൈഫും ഉള്ള ഇനമാണ്.
East West Seeds ന്റെ Mukasa, Yellow Munch, Orange Munch എന്നിവയും നല്ല ഇനങ്ങളാണ്.
തണ്ണിമത്തനിൽ ഇനങ്ങളെ Ice box, Party എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. വലിപ്പം കുറഞ്ഞ, ഫ്രിഡ്ജ്ന്റെ ഐസ് ബോക്സിൽ സൂക്ഷിക്കാവുന്ന വലിപ്പം ഉള്ളവയാണ് Ice box ഇനങ്ങൾ.
വലിപ്പം കൂടിയ, ഒരു സമയത്ത് ഒരുപാടു പേർക്ക് മുറിച്ച് കഴിയ്ക്കാവുന്ന ഇനങ്ങളാണ് Party variety എന്നറിയപ്പെടുന്നത്.
തണ്ണിമത്തനിൽ കാണുന്ന ഗുരുതരമായ രോഗമാണ് GSB അഥവാ Gummy Stem Blight എന്ന ഫംഗൽ രോഗം. മുൻവർഷങ്ങളിൽ ഈ രോഗം വന്നിട്ടുള്ള മണ്ണിൽ, ഇത് വീണ്ടും വരാം. വള്ളികൾ ഉണങ്ങുന്നതാണ് രോഗലക്ഷണം. ഇത്തരം രോഗം ബാധിച്ച വള്ളികൾ മുൻ വർഷങ്ങളിൽ കത്തിച്ചു കളഞ്ഞിട്ടുണ്ട് എങ്കിൽ നല്ലത്. ശരിയായി കുമ്മായം ചേർത്ത് മണ്ണിന്റെ pH ക്രമീകരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. Trichoderma ചേർത്ത ചാണകപ്പൊടി -പൊടിച്ച വേപ്പിൻ പിണ്ണാക്ക് മിശ്രിതംഅടിസ്ഥാന വളമായി ചേർത്ത് കൊടുക്കുക എന്നതാണ് രണ്ടാമത്തേത്. ഇടയ്ക്കിടെ Pseudomonas കലക്കി മണ്ണിലും വള്ളികളിലും ഒഴിച്ച് കൊടുക്കുന്നത് നന്നായിരിക്കും. Carbendazim (Bavistin )പോലെയുള്ള കുമിൾ നാശിനികൾ രോഗം കാണുന്ന മാത്രയിൽ തന്നെ മണ്ണിൽ ഒഴിച്ച് കുതിർക്കണം. കേടാകുന്ന ചെടികൾ പിഴുതെടുത്ത് കത്തിച്ചു കളയണം.
വേനൽക്കാലത്ത് എല്ലാവരും കഴിച്ചിരിക്കേണ്ട ഒരു പഴമാണ് തണ്ണിമത്തൻ.
അതിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, Magnesium എന്നിവ രക്തസമ്മർദ്ദത്തെ ക്രമീകരിക്കും.Lycopene എന്ന വർണകം നല്ല നിരോക്സീകാരകമാണ്. Cancer വരാതെ നോക്കും. തൊലിയ്ക്ക് തിളക്കം കൂട്ടും.വളരെയധികം ജലാംശം ഉള്ളതിനാൽ വേനലിൽ ശരീരത്തിന്റെ water balance, Electrolytic balance എന്നിവ നില നിർത്തും.
മൂത്ര ഉത്പാദനം കൂട്ടി, വൃക്കകളെ ശുദ്ധീകരിക്കും. കല്ലുകൾ രൂപം കൊള്ളാതെ നോക്കും.
Arginine എന്ന ഘടകം ലൈംഗിക മരവിപ്പ്, മാറ്റി പുതുയൗവനം നൽകും.
Online ൽ കാർഷിക സർവകലാശാലയിൽ നിന്നും ഷുഗർ ബേബി, വിത്തുകൾ ലഭിക്കാൻ 91882 48481എന്ന നമ്പറിലോ vegseedkau@gmail.com എന്ന മെയിലിലോ ബന്ധപ്പെട്ടുനോക്കാം .
വെള്ള നിറത്തിൽ കാമ്പുള്ള തണ്ണി മത്തൻ ഇനമാണ് 'Saskatchewan '. ഉക്രൈനിൽ നിന്നാണ് വരവ്.4-5 കിലോ വലിപ്പം. കട്ടി കുറഞ്ഞ തോട്. പുറം തോടിൽ ഇളം പച്ചയിൽ കടും പച്ച
എഴുതിയത്
പ്രമോദ് മാധവൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ,വികാസ് ഭവൻ, തിരുവനന്തപുരം
Content summery : November-December is the best time to start watermelon cultivation