For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ജൈവ വളങ്ങളും നിര്‍മ്മാണവും

10:51 AM Oct 21, 2021 IST | Agri TV Desk

ഫിഷ് അമിനോ ആസിഡ്

Advertisement

ഒരു നല്ല ജൈവ വളം ആണ് ഫിഷ് അമിനോ ആസിഡ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ . മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുക, ഇവിടെ വൃത്തി എന്നത് അതില്‍ മണല്‍ പോലെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യല്‍ ആണ്. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം. ഇപ്പോള്‍ ചെറിയ മത്തി/ചാള വിലക്കുറവില്‍ ലഭ്യമാണ് അത് ഉപയോഗിക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം.മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്റെ അടപ്പ് തുറന്നു എയര്‍ കളയുന്നത് നല്ലതാണ്. മുപ്പതു ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനി നാല്‍പതു ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. ചെടികളുടെ ചുവട്ടില്‍ തളിക്കാന്‍ ഈ വീര്യം മതി, ചെടികളുടെ ഇലകളില്‍ തളിക്കാന്‍ അല്‍പ്പം കൂടി വീര്യം കുറയ്ക്കാം. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. രാസവളങ്ങള്‍ , രാസ കീടനാശിനികള്‍ ഉപയോഗിക്കരുത്. ഇവ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത്തരം ജൈവ വളങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭവും കൂടുതല്‍ വിളവും നല്‍കും.

Advertisement

കടല പിണ്ണാക്ക്

ചെടികള്‍ക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് (എന്‍.പി.കെ) എന്നിവയാണ്. ഇവ ധാരാളം അടങ്ങിയവയാണ് കടല പിണ്ണാക്ക്. പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കടല പിണ്ണാക്ക് ലഭിക്കും, വില ഏകദേശം കിലോയ്ക്ക് 40 രൂപയാണ്. ഒരു ചെടിക്ക് 25-50 ഗ്രാം ഒരു തവണ കൊടുക്കാം. വെറുതെ മുകളില്‍ ഇടരുത്, ഉറുമ്പ് എടുത്തു കൊണ്ട് പോകും. കൂടെ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ത്ത് പൊടിച്ചു അല്‍പ്പം മണ്ണ് മാറ്റി ഇടാം, ഇട്ട ശേഷം മണ്ണിട്ട് മൂടാം. ഇങ്ങിനെ രണ്ടാഴ്ച-മൂന്നാഴ്ച കൂടുമ്പോള്‍ കൊടുത്താല്‍ ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരും. ഉണ്ടാകുന്ന കായകള്‍ക്കു രുചിയും കൂടും.കടല പിണ്ണാക്ക് ദ്രവ രൂപത്തിലും ചെടികള്‍ക്ക് കൊടുക്കാം, ഇതിനായി കടല പിണ്ണാക്ക് കുറച്ചു വെള്ളത്തില്‍ ഇട്ടു 2-3 ദിവസം വെക്കുക. ശേഷം അതിന്റെ തെളി എടുത്തു നേര്‍പ്പിച്ചു ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം. ഇതേ പോലെ വേപ്പിന്‍ പിണ്ണാക്ക് 2 പിടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 2-3 ദിവസം ഇട്ടു വെച്ചത് ഊറ്റി നേര്‍പ്പിച്ചു ചെടികളില്‍ ഒഴിച്ച്/തളിച്ച് കൊടുക്കാം. കീടബാധക്കെതിരെ ഒരു മുന്‍കരുതല്‍ കൂടി ആകും ഇത്.

മീന്‍ വളം

ഭക്ഷ്യയോഗ്യമല്ലാത്ത പലതരം മല്‍സ്യങ്ങളും ഭക്ഷ്യയോഗ്യമായ ചെറുമല്‍സ്യങ്ങളും പലപ്പോഴും വളമായി ഉപയോഗിക്കുന്നു. ഇവ അങ്ങനെ തന്നെയോ ഉണക്കിയശേഷം പൊടിച്ചോ ഉപയോഗിക്കാം. മല്‍സ്യത്തിന്റെതരമനുസരിച്ച് മീന്‍വളര്‍ത്തില്‍ 4-10% നൈട്രജനും 3-9% ഫോസ്ഫറസും 0.3-1.5% പൊട്ടാഷും അടങ്ങിയിട്ടുണ്ട്. മീന്‍ വളര്‍ത്തിലുള്ള മൂലകങ്ങള്‍ പെട്ടെന്നു തന്നെ കിട്ടുന്നതിനാല്‍ എല്ലാത്തരം വിളകള്‍ക്കും യോജിച്ചതാണ്.

മണ്ണിര വളം (വെര്‍മികമ്പോസ്റ്റ്)

ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകമൂലകങ്ങളും അടങ്ങിയ ജൈവവളമാണ് മണ്ണിരകമ്പോസ്റ്റ്. മണ്ണിരയുടെ കാഷ്ഠമാണിതില്‍ കമ്പോസ്റ്റായി ഉപയോഗിക്കുന്നത്.
1.നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ സാധാരണ കമ്പോസ്റ്റില്‍ അടങ്ങിയിരിക്കുന്നതിനെക്കാള്‍ ഏകദേശം മൂന്നിരട്ടി അളവില്‍ ചെടികള്‍ക്ക് പെട്ടെന്ന് കിട്ടത്തക്കരൂപത്തില്‍ മണ്ണിരവളത്തില്‍ അടങ്ങിയിട്ടുണ്ട്.
2. ഇത് മണ്ണിന്റെ അമ്ലത്വം കുറയ്ക്കുന്നു
3. ചെടികള്‍ക്ക് രോഗപ്രതിരോധശക്തി നല്‍കുന്നു
4.വിളകളുടെ സൂക്ഷിപ്പുകാലം കൂട്ടുന്നു.

ടാങ്ക് നിര്‍മാണം:-

തറനിരപ്പില്‍നിന്ന് മേല്‍പ്പോട്ടാണ് കമ്പോസ്റ്റുണ്ടാക്കാനുള്ള ടാങ്ക് നിര്‍മിക്കേണ്ടത്. അല്ലെങ്കില്‍ കമ്പോസ്റ്റ് ഉണ്ടാക്കാന്‍ സഹായിക്കുന്ന മണ്ണിരകളെ തിന്നു ജീവിക്കുന്ന ഒരിനം നാടന്‍ മണ്ണിര ഉള്ളില്‍ കടക്കാനിടയുണ്ട്. തണലുള്ളതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലമായിരിക്കണം. ടാങ്ക് സിമന്റ് തേച്ചുറപ്പിക്കേണ്ട ആവശ്യം പോലുമില്ല. വീതി കഴിയുന്നതും മൂന്നു മീറ്ററില്‍ കൂടുതല്‍ ആകരുത്. ചുറ്റും 5 സെ.മീ. വീതിയിലും 2.5 സെ.മീ. താഴ്ചയിലും ചാല്‍ നിര്‍മിച്ച് അതില്‍ വെള്ളംകെട്ടിനിര്‍ത്തണം. ഉറുമ്പ് കടക്കുന്നത് തടയാനാണിത്. ടാങ്കുനിര്‍മിക്കുമ്പോള്‍ അതിനകത്ത് വീഴുന്ന ജലം വെളിയില്‍പോകാന്‍ ഒരു പ്ലാസ്റ്റിക് കുഴല്‍ ഏറ്റവും അടിയില്‍ ഉറപ്പിക്കണം. അത് എപ്പോഴും അടച്ചുവയ്ക്കണം. അല്ലെങ്കില്‍ അതുവഴി ഉറുമ്പ് ടാങ്കുവഴി കയറും. എലി ശല്യം ഒഴിവാക്കാന്‍ കമ്പിവല ഫെമിയില്‍ ഘടിപ്പിച്ച് ടാങ്കിന്റെ മുകളില്‍ വയ്ക്കണം. മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ കൂരയും ഉണ്ടാക്കണം.

ഒരു പ്രത്യേകതരം മണ്ണിരകളെയാണ് കമ്പോസ്റ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ സാധാരണയായി ഉപയോഗിക്കുന്നത് ആഫ്രിക്കന്‍ മണ്ണിരയാണ് (യുഡ്രിലസ് യൂജിന). അവ ഒരടിവരെ വളരും മണ്ണിരയെ വാങ്ങുമ്പോള്‍ പ്രായപൂര്‍ത്തിയായവയെ കുറച്ചെ വാങ്ങാവൂ. കുഞ്ഞുങ്ങളായിരിക്കണം കൂടൂതല്‍. കുഞ്ഞുങ്ങള്‍ പുതിയ സ്ഥലത്ത് വേഗത്തില്‍ വളരാന്‍ സാധ്യതകൂടുതലാണ്.

ടാങ്കില്‍ മണ്ണിരകളെ ഇടുമ്പോള്‍ ആദ്യം വേണ്ടത് ഇവയുടെ എണ്ണം കൂട്ടുകയാണ്. കാരണം മണ്ണിരയുടെ ഭക്ഷണത്തോടു അതിന്റെ ശരീരഭാരത്തിന്റെ ഏകദേശം 50 ശതമാനമാണ്. ടാങ്കിനുള്ളില്‍ നന്നായി നനച്ച ഉണക്കച്ചാക്കോ നല്ല മണ്ണിരകമ്പോസ്റ്റോ മൂന്നിഞ്ച് കനത്തില്‍ വിരിക്കണം. അതിനുമുകളില്‍ പച്ചച്ചാണകം രണ്ടിഞ്ച് കനത്തില്‍ നെടുനീളത്തില്‍ ചിറകെട്ടുന്നതുപോലെ വയ്ക്കണം. എന്നിട്ട് മണ്ണിരകളെ ടാങ്കില്‍ നിഷേപിച്ച് തടം നന്നായി നനയ്ക്കണം. അതിനുശേഷം നനഞ്ഞ ചണച്ചാക്കുകൊണ്ട് 'ചാണകച്ചിറ' മൂടിയിടണം. വിരയിളക്കാന്‍ മരുന്നുകൊടുത്തിട്ടുള്ള കന്നുകാലികളുടെ ചാണകം ഒരു മാസക്കാലം ടാങ്കിലിടരുത്.

മണ്ണിര അഴുകിയ ഭക്ഷണപദാര്‍ത്ഥങ്ങളേ കഴിക്കുകയുള്ളൂ. പച്ചിലയും കരിയിലയും ജൈവപദാര്‍ത്ഥങ്ങളും അവയുടെ ഭാരത്തിന്റെ പത്തിലൊന്ന് പച്ചച്ചാണകവുമായി കലര്‍ത്തി നന്നായി നനച്ചുവയ്ക്കണം. മൂന്നുനാലു ദിവസത്തിലൊരിക്കല്‍ അവ ഇളക്കി നനച്ചുകൊടുക്കണം. ഈ മിശ്രിതം 25-30 ദിവസം കഴിയുമ്പോള്‍ ആഹാരമായി നല്‍കാം. അടുക്കളാവശിഷ്ടങ്ങള്‍, അറവുശാലയിലെ അവശിഷ്ടങ്ങള്‍ എന്നിവ നേരിട്ടുതന്നെ നല്‍കുക. പക്ഷേ, ഇവയെല്ലാം നല്‍കേണ്ടത് കമ്പോസ്റ്റ് ഉല്‍പ്പാദനം തുടങ്ങി ഒരുമാസം കഴിഞ്ഞേ ആകാവൂ. ഇവ ടാങ്കില്‍ നിഷേപിച്ച് മൂടിയിണം. അല്ലെങ്കില്‍ ഈച്ചയുടെ ഉപദ്രവം വരും. കുറശ്ശെ മാത്രമേ നല്‍കാനും പാടുള്ളൂ. ആദ്യമായി കൊടുത്ത ചാണകം തിന്നുകഴിയുമ്പോള്‍ രണ്ടാമതും പച്ചച്ചാണകമിടുക. അവയും തിന്നുന്നതിനുശേഷം മറ്റ് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ നല്‍കിതുടങ്ങാം. ഇതിനു ഏകദേശം 25-30 ദിവസം വേണ്ടിവരും.

ഭക്ഷണം ഒരിക്കലും 10-15 സെ.മീ. കനത്തില്‍ കൂടുതല്‍ ഒരു സമയം നല്‍കരുത്. ടാങ്കിന്റെ വശങ്ങളില്‍നിന്ന് 15-30 സെ.മീ. മാറ്റി ഉള്ളിലായിവേണം ഭക്ഷണം നിഷേപിക്കാന്‍. ഒരിക്കല്‍ കൊടുത്ത ഭക്ഷണം കഴിച്ചിട്ടേ വീണ്ടും നല്‍കാവൂ. അല്ലെങ്കില്‍ മണ്ണിരകമ്പോസ്റ്റിനുപകരം സാധാരണ കമ്പോസ്റ്റായിരിക്കും കിട്ടുക. മനുഷ്യന്‍ ഭക്ഷിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും മണ്ണിരയ്ക്കു ഭക്ഷണമായി നല്‍കും. കോഴിയുടെ തൂവല്‍, മനുഷ്യന്റെ മുടി എന്നിവയും മണ്ണിര ഭക്ഷിക്കും.

മണ്ണിര 75 %-85% ഈര്‍പ്പമുള്ള സ്ഥലത്ത് നന്നായി വളരും. ഈര്‍പ്പം നിലനിര്‍ത്താനുള്ള എളുപ്പമാര്‍ഗ്ഗം നനച്ച ചണച്ചാക്ക് ഉപയോഗിക്കുകയാണ്. ചാക്കിലെ ഈര്‍പ്പം മാറാതെ നോക്കിയാല്‍ മതി. ഈര്‍പ്പം അധികമായാല്‍ വംശവര്‍ധന കുറയും.

കമ്പോസ്റ്റ് ഉല്‍പ്പാദനം തുടങ്ങി ഒന്നരമാസം കഴിയുമ്പോള്‍ അവ ടാങ്കില്‍നിന്ന് ശേഖരിച്ച് തുടങ്ങാം. ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും ടാങ്കിന്റെ ചുവരിന്റെയും ഇടയിലുള്ള സ്ഥലത്തായിരിക്കും കമ്പോസ്റ്റ് കാണപ്പെടുക. ഇവിടെനിന്ന് ഒരാഴ്ച ഇടവിട്ട് ശേഖരിക്കാം. അതോടൊപ്പം കിട്ടുന്ന മണ്ണിരകളെ തിരികെ ടാങ്കില്‍ വിട്ടാല്‍ മതിയാകും.

നിറഞ്ഞതിനുശേഷമാണ് ശേഖരിക്കുന്നതെങ്കില്‍ ആദ്യം ടാങ്കില്‍ ഒരു ഭാഗത്ത് പച്ചച്ചാണകം കട്ടിയായി 5-8 സെ.മീ. കനത്തില്‍വയ്ക്കുക. എന്നിട്ട് നനഞ്ഞ ചാക്കുകൊണ്ട് മൂടിയിണം. നാലഞ്ചു ദിവസം കഴിയുമ്പോള്‍ ടാങ്കിലുള്ള മണ്ണിരയുടെ 80% ചാണകക്കൂനയില്‍ വരും. അപ്പോള്‍ ചാക്കുമാറ്റിയിട്ട് ചാണകവും മണ്ണിരയും ഒന്നിച്ച് ശേഖരിച്ച് ഒരു സ്ഥലത്തുവയ്ക്കുക. ബാക്കി കിടക്കുന്ന മണ്ണിരകമ്പോസ്റ്റ് വാരി നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്ത് ചെറിയകൂനകളായി വയ്ക്കുക. മൂന്നു മണിക്കൂറോളം വെയില്‍ കൊള്ളാന്‍ അനുവദിക്കുക. അപ്പോള്‍ മണ്ണിരകള്‍ കൂനയുടെ അടിഭാഗത്തെത്തും. അപ്പോള്‍ കൂനയുടെ മുകള്‍ ഭാഗത്തുനിന്നും കുറെശ്ശെയായി മണ്ണിരകമ്പോസ്റ്റ് വാരിമാറ്റം വയ്ക്കാം. അടിഭാഗത്തുകാണുന്ന മണ്ണിരകളെയും വീണ്ടും ടാങ്കില്‍ നിഷേപിക്കാം. മണ്ണിരകമ്പോസ്റ്റ് ഈര്‍പ്പം തട്ടാതെ പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് തണലത്തുസൂക്ഷിച്ചാല്‍ രണ്ടുവര്‍ഷംവരെ ഗുണം നഷ്ടപ്പെടാതെയിരിക്കും. കമ്പോസ്റ്റ് ഒരിക്കലും വെയിലത്തിട്ട് ഉണക്കരുത്. അതിലുള്ള ഉപകാരപ്രദമായ അണുക്കള്‍ നശിച്ചുപോകാന്‍ സാധ്യതയുണ്ട്.

എലി, പെരിച്ചാഴി, കോഴി, ഉറുമ്പ് എന്നിവയാണ്. മണ്ണിരകളുടെ മുശത്രുക്കള്‍ കൂടാതെ മണ്ണിരകളെ ഭക്ഷിക്കുന്ന ചില മണ്ണിരകളുമുണ്ട്. ഈ മണ്ണിരയുടെ കൂടുതല്‍ വരുന്നത് കുഴികളില്‍ കമ്പോസ്റ്റ് ഉല്‍പ്പാദിപ്പിക്കുമ്പോഴും പഴയ ചാണകം ഉപയോഗിക്കുമ്പോഴാണ്. ഉറുമ്പിന്റെ ഉപദ്രവത്തെ തടയാനാണ് ടാങ്കിനുചുറ്റും ചാല്‍ നിര്‍മിച്ച് വെള്ളം കെട്ടിനിര്‍ത്തുന്നത്.

പിണ്ണാക്കു പുളിപ്പിച്ചത്

കടലപ്പിണ്ണാക്ക്,വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയവ ജൈവകൃഷിയില്‍ പൊതുവെ ഉപയോഗിച്ചുപോരുന്നു.പിണ്ണാക്കുകളുടെ ഗുണമേന്മ കൂട്ടാനുള്ള വഴി അവയെ പുളിപ്പിക്കുകയെന്നതാണ്. നിലക്കടലപിണ്ണാക്ക് പുളിപ്പിച്ച് ഗുണമേന്മ കൂട്ടുന്നതിങ്ങനെയാണ്. 5 കിലോ നിലക്കടലപ്പിണ്ണാക്കും 5 കിലോ വേപ്പിന്‍പിണ്ണാക്കും പ്രത്യേകം പാത്രങ്ങളിലെടുത്ത് വെള്ളം ചേര്‍ത്തു കുതിര്‍ന്നുകിട്ടാന്‍ വയ്ക്കുക. ഒരു ദിവസം രാത്രിയില്‍വച്ചാല്‍ പിന്നേറ്റ് പുലരുമ്പോഴേക്ക് ഇത് തയാറായിക്കഴിഞ്ഞിട്ടുണ്ടാകും. ഒരു പാത്രത്തില്‍ 5 കി.ഗ്രാം ചാണകം 100 ലിറ്റര്‍ വെള്ളത്തില്‍ കലക്കിവയ്ക്കുക. അതിലേക്ക് പിണ്ണാക്കുകള്‍ രണ്ടും കുതിര്‍ന്നത് ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം രണ്ടാഴ്ച ഇതെരീതിയില്‍ വയ്ക്കുക. ദിവസവും രാവിലെ നീളമുള്ള വടികൊണ്ട് മിശ്രിതം നന്നായി ഇളക്കിചേര്‍ക്കണം. രണ്ടാഴ്ചക്കഴിയുമ്പോള്‍ പിണ്ണാക്ക് ചാണകം മിശ്രിതം നന്നായി പുളിച്ചുചേര്‍ന്നിട്ടുണ്ടാവും. ഇത് ഒരു ലിറ്റര്‍ 5 ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്ക് ഇലയിലൂടെ ഒഴിച്ചുകൊടുക്കാനും ചുവട്ടിലൊഴിക്കാനും നല്ലതാണ്.

പഞ്ചഗവ്യം

ജൈവകൃഷിയില്‍ ഇപ്പോള്‍ ഏറ്റവുമധികം ഉപയോഗിച്ചു വരുന്നൊരു വളക്കൂട്ടാണ് പഞ്ചഗവ്യം. നമ്മുടെ നാടിന്റെ പൗരാണിക പാരമ്പര്യത്തില്‍നിന്നാണ് പഞ്ചഗവ്യം വരുന്നത്. ഗോവില്‍നിന്ന്-പശുവില്‍നിന്നുള്ള-അഞ്ചുവസ്തുക്കളായ ചാണകം, മൂത്രം, തൈര്, നെയ്യ്, പാല്‍ എന്നിവയാണ് പഞ്ചഗവ്യം ഉണ്ടാക്കുന്നതിനുപയോഗിക്കുന്നത്. ഇത് ഒരേ സമയം വിളവുകിട്ടുന്ന ജൈവ ഹോര്‍മോണും രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കുമെതിരെ പ്രതിരോധശേഷി തരുന്ന മരുന്നുമാണിത്.
പഞ്ചഗവ്യം അങ്ങനെതന്നെ ഉപയോഗിക്കുന്നത് പ്രസാദമായും ഗൃഹപ്രവേശത്തിനും മരണാനന്തര കര്‍മങ്ങള്‍ക്കുമൊക്കെ മാത്രം. കൃഷിയില്‍ ഉപയോഗിക്കുന്നത് ഇതിന്റെ കൂടെ ഏതാനും ചേരുവകളൊക്കെ ചേര്‍ത്താണ്. പല സ്ഥലത്തും പ്രചാരത്തിലിരിക്കുന്നൊരു പഞ്ചഗവ്യക്കൂട്ടിതാ. പച്ചച്ചാണകം മൂന്നുകിലോ, ഗോമൂത്രം മൂന്നു ലിറ്റര്‍, ഉരുക്കുനെയ്യ് രണ്ടു ലിറ്റര്‍, പാല്‍ രണ്ടു ലിറ്റര്‍, തൈര് രണ്ടു ലിറ്റര്‍, ശര്‍ക്കര രണ്ടു കിലോ രണ്ടു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്, പാളന്‍കോടന്‍ പഴം പന്ത്രണ്ടെണ്ണം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ അരച്ചെടുത്തത്, കരിക്കിന്‍ വെള്ളം രണ്ടു ലിറ്റര്‍ എന്നിവയാണിതിനു വേണ്ടത്. തൈര് കടഞ്ഞെടുത്ത വെണ്ണ ഉരുക്കിയ നെയ്യാണിതിനുപയോഗിക്കേണ്ടത്.പച്ചച്ചാണകം മൂന്നുദിവസം തണലില്‍ വച്ച് ചിക്കി അതിന്റെ ദുര്‍ഗന്ധം മാറ്റുക. അതിനുശേഷം ചാണകവും നെയ്യും കൂടി നന്നായി തേച്ചു ചേര്‍ക്കുക. പൊറോട്ടയുണ്ടാക്കാന്‍ മാവു തേക്കുന്നതുപോലെ വേണമിത്. ഇങ്ങനെ മൂന്നു ദിവസം വച്ചേക്കുക. അതിലേക്ക് മറ്റു ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വിവിധ ഘടകങ്ങള്‍ പൂര്‍ണമായി തമ്മില്‍ ലയിക്കുന്ന രീതിയിലാണിതു ചെയ്യേണ്ടത്. ഈ മിശ്രിതം 21 ദിവസം അടച്ചു സൂക്ഷിക്കുക. എല്ലാദിവസവും ഒരു നേരം നീളമുള്ളൊരു വടിയുപയോഗിച്ച് ഒരേ ദിശയിലേക്ക് ചുറ്റിച്ച് ഇളക്കുക. 21 ദിവസം കഴിഞ്ഞാല്‍ ഉപയോഗിക്കാം. പച്ചക്കറികള്‍ക്കും ഇലയില്‍ ഉപയോഗിക്കുന്ന വിളകള്‍ക്കും ഒരു ലിറ്റര്‍ പഞ്ചഗവ്യത്തില്‍ അമ്പതു ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. ചുവട്ടില്‍ ഒഴിക്കുന്നവയ്ക്ക് ചെടിയുടെ കടുപ്പത്തിനനുസരിച്ച് സാന്ദ്രത കൂട്ടാം. ചുരുങ്ങിയത് ഒരു ലിറ്റര്‍ പഞ്ചഗവ്യക്കൂട്ടില്‍ 25 ലിറ്റര്‍ വെള്ളം ചേര്‍ത്തിരിക്കണം.

എല്ലുപൊടി

ഫോസ്ഫറസിന്റെ ലഭ്യതയ്ക്കാണ് എല്ലുപൊടി ഉപയോഗിക്കുക. ഇത് രണ്ടുതരത്തില്‍ ലഭ്യമാണ്. ഒന്ന് ഉണങ്ങിയ എല്ല് പൊടിച്ചെടുക്കുന്നത്. ഇതില്‍ 20% ഫോസ്ഫറസ് ഉണ്ട്. എട്ട് ശതമാനം ഫോസ്ഫറസ് വലിയ താമസമില്ലാതെ ചെടികള്‍ക്ക് കിട്ടുന്ന രൂപത്തിലും ബാക്കിയുള്ളത് വളരെ സാവധാനത്തില്‍ കിട്ടുന്നതുമാണ്. രണ്ടാമത്തെ ഇനം നീരാവികൊണ്ട് വേവിച്ചശേഷം ഉണക്കി പൊടിച്ചെടുക്കുന്നതാണ്. ഇതില്‍ 22% ഫോസ്ഫറസ് ഉണ്ട്. പതിനാറ് ശതമാനം വലിയ താമസമില്ലാതെ ചെടികള്‍ക്ക് കിട്ടുന്നതും ബാക്കിയുള്ളതു വളരെ സാവധാനത്തില്‍ കിട്ടുന്നതുമാണ്.എല്ലുപൊടിയില്‍ 2-4% നൈട്രജനുണ്ട്. ഇതും ചെടികള്‍ക്ക് സാവധാനം കിട്ടുന്ന രൂപത്തിലാണ്. അമ്ലത്വമുള്ള മണ്ണില്‍ എല്ലുപൊടിയിലുള്ള ഫോസ്ഫറസ് രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ചെടികള്‍ക്ക് കിട്ടുന്ന രൂപത്തിലേക്ക് സാവധാനത്തില്‍ മാറുന്നതുകൊണ്ട് കേരളത്തിലെ മണ്ണില്‍ എല്ലുപൊടി യോജിച്ചതാണ്. എന്നാല്‍ ദീര്‍ഘകാല വിളകള്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കുവാന്‍ പാടുള്ളൂ. കൂടാതെ ഒരു വര്‍ഷത്തിലധികം വളരുന്ന വിളകളായ കരിമ്പ്, പൈനാപ്പിള്‍ മുതലായ വിളകള്‍ക്കും പാകമാണ്. പെട്ടെന്ന് ഫോസ്ഫറസ് ആവശ്യമുള്ള ഹ്രസ്വവിളകളായ നെല്ല്, പയര്‍, പച്ചക്കറികള്‍ എന്നിവയ്ക്ക് ഇതു ചേരില്ല.

ചാണകം

പശുവിന്റെ മൂത്രം, ചാണകം, തീറ്റി സാധനങ്ങളുടെ ബാക്കി എന്നിവ അഴുകി കിട്ടുന്ന വളമാണ് കാലിവളം. ഇങ്ങനെ അഴുകിയശേഷം കിട്ടുന്ന കാലിവളത്തില്‍ 0.5 ശതമാനം വീതം നൈട്രജനും പൊട്ടാഷും 0.2 ശതമാനം ഫോസ്ഫറസുമുണ്ട്. ഒരു പശുവില്‍നിന്ന് ഒരു വര്‍ഷം ഏകദേശം 5 ടണ്‍ കാലിവളവും ഒരു എരുമയില്‍നിന്ന് 7 ടണ്‍ കാലിവളവും കിട്ടുമെന്നാണ് കണക്ക്. മൂലകങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ ഒരാണ്ടില്‍ മേല്‍പ്പറഞ്ഞ മൃഗങ്ങള്‍ ഓരോന്നും 40 തൊട്ട് 55 കി.ഗ്രാം വരെ നൈട്രജനും 10 മുതല്‍ 15 കി.ഗ്രാം വരെ ഫോസ്ഫറസും, 35 മുതല്‍ 45 കി.ഗ്രാം വരെ പൊട്ടാഷും തരുമെന്ന് കണക്കാക്കാം. ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്രയും വളവും മൂലകങ്ങളും കിട്ടണമെങ്കില്‍ അവയില്‍നിന്നുള്ള ചാണകവും മൂത്രവും നഷ്ടപ്പെടാതെ ശേഖരിക്കുകയും വേണം.

ചാരം

പലതരം വസ്തുക്കളും കത്തിച്ചുണ്ടാകുന്ന ചാരം പണ്ടുമുതലേ നമ്മുടെ പ്രധാനപ്പെട്ടൊരു നാടന്‍ വളമായിരുന്നു. പൊട്ടാഷിനുവേണ്ടിയാണ് നാം ചാരം ഉപയോഗിക്കുന്നതെന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ചാരത്തിന് ഇംഗ്ലീഷില്‍ ആഷ് എന്നാണ് പറയുന്നത്. പോട്ട് എന്ന് ഇംഗ്ലീഷില്‍ പറയുന്നത് മലയാളത്തില്‍ പാത്രം എന്നാണ് അര്‍ഥം. വീട്ടില്‍ ഉണ്ടാകുന്ന ചാരം പാത്രത്തില്‍ ശേഖരിച്ച് ഉപയോഗിക്കുന്നു എന്നതിന് തുല്യമായ ഇംഗ്ലീഷിലുള്ള പോട്ട് ആഷില്‍ നിന്നാണ് പൊട്ടാഷ് എന്ന പദം രൂപപ്പെട്ടിരിക്കുന്നത്. വീട്ടിലുണ്ടാകുന്ന ചാരത്തില്‍ 0.5-1.9% നൈട്രജനും, 1.6-4.2% ഫോസ്ഫറസും, 2.3-12.0% പൊട്ടാഷുമുണ്ട്. അടിവളമായാണ് സാധാരണ ചാരം ഉപയോഗിക്കുക.

പയറുവര്‍ഗചെടികള്‍

മണ്ണിന്റെ ആരോഗ്യവും വിളവു തരാനുള്ള ശേഷിയും വര്‍ധിപ്പിക്കാന്‍ പയര്‍വര്‍ഗ ചെടികള്‍ക്കു സാധിക്കും. ഇവ വളര്‍ത്തിയ ശേഷം മണ്ണില്‍ ഉഴുതുചേര്‍ക്കുകയോ പുതയിടുകയോ ചെയ്താല്‍ മതി. നാടന്‍ പയര്‍ മുതല്‍ പ്രത്യേക പയര്‍ വര്‍ഗവളച്ചെടികള്‍ക്കു വരെ ഈ കഴിവുണ്ട്. ഇത്തരം ചെടികളുടെ വേരില്‍ കാണുന്ന മുഴകളില്‍ ഉള്ള ബാക്ടീരിയകള്‍ നൈട്രജന്‍ ശേഖരിക്കുന്നു. ചെടികള്‍ അഴുകുമ്പോള്‍ ഈ നൈട്രജന്‍ വിളകള്‍ക്ക് ലഭ്യമാകും.പയറുവര്‍ഗച്ചെടികള്‍ക്ക് 8 മുതല്‍ 25 ടണ്‍ വരെ ജൈവവളം ഒരു ഹെക്ടറില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്.മണ്ണിലെ സൂക്ഷ്മാണുപ്രവര്‍ത്തനം ത്വരിപ്പെടുത്തുന്നു, മണ്ണിന്റെ ഘടന നന്നാക്കുന്നു, ചെരിവ് സ്ഥലങ്ങളില്‍ മണ്ണൊലിപ്പ് തടയുന്നു. കൂടുതല്‍ വെള്ളം മണ്ണില്‍ താഴ്ന്നിറങ്ങുന്നതിന് സഹായിക്കുന്നു.

ബയോഗ്യാസ് സ്ലറി

പാഴ്വസ്തുക്കളെ പ്രയോജനപ്രദമായി ഉപയോഗിക്കുന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഇവയില്‍ നിന്നു പാചകവാതകം ഉല്‍പാദിപ്പിക്കുന്നത്. വാതകം ഉല്‍പാദിപ്പിച്ച ശേഷം ബയോഗ്യാസ് പ്ലാന്റില്‍ നിന്നു പുറന്തള്ളുത്ത ദ്രാവകമാണ് സ്ലറി. ചെടികളുടെ വളര്‍ച്ചയ്ക്കു വേണ്ട പോഷകങ്ങളെല്ലാം ഇവയില്‍ അടങ്ങിയിരിക്കുന്നു. ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ഗവണ്‍മെന്റില്‍ നിന്നും ഗണ്യമായ സാമ്പത്തികസഹായവും കിട്ടാനുണ്ട്. കഷിയില്‍ ബയോഗ്യാസ് സ്ലറിയുടെ ഉപയോഗം പലതരിത്തിലാണ്.
നേരിട്ട് വിളകള്‍ക്ക് കൊടുക്കാം.

കമ്പോസ്റ്റ് ഉണ്ടാക്കുന്നതിന് കരിയില, അറക്കപ്പൊടി, ചകിരിച്ചോറ് എന്നിവ ചേര്‍ത്ത് ഇളക്കി ഉണക്കിയെടുത്ത് ഉപയോഗിക്കാം.രാസവളങ്ങളുമായി കൂട്ടുചേര്‍ത്ത് 'എന്റിച്ച്ഡ് മനുവര്‍' ആയി ഉപയോഗിക്കാം. ഇതിനായി 11 കി.ഗ്രാം യൂറിയയും 31 കി.ഗ്രാം സൂപ്പര്‍ഫോസ്‌ഫേറ്റും 15 ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്തെടുക്കുക. ഈ ലായനി ഉണക്കിയെടുത്ത 48 കി.ഗ്രാം വളവുമായി ഒന്നിച്ച് തണലത്തിട്ട് ഉണക്കുക. ഈ വെള്ളത്തില്‍ ഏകദേശം 6.0% നൈട്രജനും 6.0% ഫോസ്ഫറസും, 1.0% പൊട്ടാഷുമുണ്ടാകും.

തയ്യാറാക്കിയത്

അനില്‍ മോനിപ്പിള്ളി

Tags :
Advertisement