വന്യ മൃഗങ്ങളില്‍ നിന്ന് കൃഷി സംരക്ഷിക്കാന്‍ എ ഐ സംവിധാനം ഉപയോഗപ്പെടുത്തും- മന്ത്രി പി. പ്രസാദ്
ചൂട് വർധിക്കുന്നതും മഴ കൂടുന്നതും ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് കൃഷിയെ ആണെന്ന് സംസ്ഥാന കാർഷിക വികസന- കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. മനുഷ്യന്റെ വിശപ്പിന് പരിഹാരം ഉണ്ടാക്കുന്ന ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയയാണ് കൃഷി എന്നതിനാൽ മനുഷ്യരാശിയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിൽ ഒന്നായി കൃഷിയെ കാണണമെന്ന് മന്ത്രി പറഞ്ഞു. കൃഷിക്ക് അനുയോജ്യമായ നല്ല മണ്ണും മികച്ച കാലാവസ്ഥയുമുള്ള നാടാണ് കേരളമെങ്കിലും കാലാവസ്ഥാ വ്യതിയാനം നമ്മുടെ കാർഷിക പുരോഗതിയെ സാരമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലാ പഞ്ചായത്തും കാര്‍ഷിക വികസന - കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി നിലമ്പൂര്‍ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തില്‍ സംഘടിപ്പിക്കുന്ന 'നിറപൊലി 25' കാര്‍ഷിക മേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകത്ത് ആയുർദൈർഘ്യവും ജനസംഖ്യയും കൂടി വരികയാണ്. 2050ല്‍ 970 കോടി ജനസംഖ്യ ഉണ്ടാകുമെന്നാണ് കണക്കു കൂട്ടൽ. ഇവരുടെ വിശപ്പ് ശമിക്കണമെങ്കിൽ ഇപ്പോഴത്തെ ഭക്ഷ്യോത്പാദനം 80 ശതമാനം എങ്കിലും വർദ്ധിക്കണം. ഏറ്റവും കൂടുതൽ സംരക്ഷണം ആവശ്യമുള്ളത് കർഷകർക്കാണ്. കർഷകർ സംരക്ഷിക്കപ്പെട്ടാൽ മാത്രമേ സമൂഹം നിലനിൽക്കുകയുള്ളൂ. കർഷകന്റെ എല്ലാ ആശങ്കങ്ങളും പരിഹരിക്കുകയും അവർക്ക് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
കർഷകരും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കാനായി നിർമ്മിത ബുദ്ധിയുടെ സഹായത്തോടയുള്ള പദ്ധതികൾ കൃഷിവകുപ്പ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും. അടുത്ത അഞ്ചുവർഷം കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകും. കഴിഞ്ഞവർഷം ഒക്ടോബർ 31ന് കാർഷിക മേഖലയുടെ നവീകരണത്തിനായി 2375 കോടി രൂപയുടെ പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ചിട്ടുണ്ട്. കർഷകരും വന്യജീവികളുമായുള്ള സംഘർഷങ്ങൾ കുറയ്ക്കാനുള്ള പദ്ധതികളും ഈ തുക ഉപയോഗിച്ച് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. 1980 നു ശേഷം ആദ്യമായാണ് ഇത്രയും വലിയ തുകയുടെ പദ്ധതി കൃഷിവകുപ്പ് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജനുവരി 2 മുതല്‍ 6 വരെ നീണ്ടുനില്‍ക്കുന്ന മെഗാ കാര്‍ഷിക- പ്രദര്‍ശന- വിജ്ഞാന- വിപണനമേള ജില്ലയുടെ കാര്‍ഷികരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം ലക്ഷ്യംവെച്ചു കൊണ്ടുള്ളതാണ്. മേളയോടനുബന്ധിച്ച് കാര്‍ഷിക വിജ്ഞാന വിഷയങ്ങളിലായി എട്ട് സെമിനാറുകള്‍, പുഷ്പഫല പ്രദര്‍ശനം, കാര്‍ഷിക, മൂല്യവര്‍ദ്ധന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, ഫുഡ് ഫെസ്റ്റ്, സാംസ്‌കാരിക കലാസന്ധ്യ, മഡ് ഫുട്‌ബോള്‍, മണ്ണ് പരിശോധനാ ക്യാമ്പ്, കാര്‍ഷിക യന്ത്രോപകരണങ്ങളുടെ സര്‍വ്വീസ് ക്യാമ്പ്, വിവിധ മത്സരങ്ങള്‍ നടക്കും. കൃഷിയുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ പ്രദര്‍ശനങ്ങളും വിപണന മേളയും സെമിനാറുകളും നിറപൊലിക്ക് നിറം പകരും. കൃഷിക്ക് ആവശ്യമായ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം നൂതന കൃഷി രീതികളെക്കുറിച്ച് കര്‍ഷകരില്‍ അവബോധം ഉണര്‍ത്തുകയും പുത്തന്‍ ആശയങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനും ഇത് അവസരം ഒരുക്കും.
Content summery : State Minister for Agricultural Development and Farmers Welfare P Prasad said that climate change is having the most detrimental effect on agriculture.