പൂച്ചമയക്കി
കുപ്പമേനി എന്നും പേരുണ്ട് പൂച്ചമയക്കിക്ക്. ഇന്ത്യയിൽ എല്ലായിടത്തുംതന്നെ കാണപ്പെടുന്നൊരു ഔഷധസസ്യമാണ് പൂച്ചമയക്കി. അക്യാലിഫ ഇൻഡിക്ക എന്നാണ് ശാസ്ത്രനാമം. യൂഫോർബിയേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. സമതല പ്രദേശങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യൻ മെർക്കുറി, ഇന്ത്യൻ കോപ്പർ ലീഫ് എന്നൊക്കെയാണ് ഇംഗ്ലീഷ് പേരുകൾ.
ഒരു മീറ്റർ വരെ ഉയരം വയ്ക്കും ഇവയ്ക്ക്. മിനുസമുള്ള ഇലകൾ. പൂക്കൾക്ക് പച്ച നിറമാണ്. വെളുത്ത നിറത്തിലുള്ള കായ്കളിൽ ഒത്തിരി വിത്തുകൾ കാണുവാൻ സാധിക്കും. നല്ല തണലും ഈർപ്പവുമുള്ള സ്ഥലങ്ങളിൽ ഇവ പെട്ടെന്ന് വളരും. സമുദ്രനിരപ്പിൽ നിന്ന് 1350 മീറ്റർ ഉയരത്തിൽ വരെ ഇവയെ കാണാം. വളർത്തു പൂച്ചകൾക്ക് ഒത്തിരി ഇഷ്ട്ടമാണ് ഇവയുടെ വേരുകൾ. അതുകൊണ്ടാണ് പൂച്ചമയക്കി എന്ന പേര് വന്നത്.
നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഒത്തിരി പ്രാധാന്യമുള്ള ചെടിയാണിവ. ത്വക്ക് രോഗങ്ങൾക്കും മുറിവുണക്കുന്നതിനും വിരശല്യത്തിനും ആസ്ത്മക്കുമെല്ലാം പരിഹാരമായി ഇവ ഉപയോഗിക്കുന്നു. അക്യാലിഫിൻ എന്ന സംയുക്തം ഇവയുടെ പ്രത്യേകതയാണ്. ഇതു കൂടാതെ ഒത്തിരി ഫൈറ്റോ കെമിക്കലുകളും ആന്റി ഓക്സിഡന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.