പാവം പാവം പുളിയാറില
ആരാലും ശ്രദ്ധിക്കപ്പെടാതെ അവഗണന സഹിച്ച് വളരുന്നൊരു സസ്യമാണ് പുളിയാറില. പേര് സൂചിപ്പിക്കുന്നതു പോലെ ആറ് ഇലകളും പുളി രസവുമാണ് പുളിയാറിലയ്ക്ക്. ഓക്സാലിസ് കോർണിക്കുലേറ്റ എന്നാണ് ശാസ്ത്രനാമം. ഓക്സാലിഡേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. ചങ്ങേരി എന്നും പുളിയാറില അറിയപ്പെടുന്നു. പുൽനീലി ശലഭത്തിന്റെ പുഴുക്കളുടെ ഇഷ്ട ഭക്ഷണമാണ് പുളിയാറിലയുടെ ഇലകൾ.
പടർന്നു വളരുന്ന ചെടിയാണ് ഇവ. മഞ്ഞ നിറത്തിലുള്ള പൂക്കൾ. മുട്ടയുടെ ആകൃതിയാണ് കായ്കൾക്ക്. പുളിരസം കൂടാതെ അല്പം കയ്പുരസവും ഇലകൾക്കുണ്ട്. ഔഷധഗുണങ്ങളും ആരോഗ്യപരമായ പല ഗുണങ്ങളും പുളിയാറിലയ്ക്കുണ്ട്.
ആയുർവേദത്തിൽ പല ഔഷധക്കൂട്ടുകളിലും പുളിയാറില ഉപയോഗിക്കുന്നു. ഇരുമ്പിന്റെ അംശം ഒത്തിരിയുണ്ട് പുളിയാറിലയിൽ. അതുകൊണ്ടുതന്നെ പുളിശ്ശേരി, മോര്, രസം, സാലഡ്, എന്നിവയിലൊക്കെ ഇവ ചേർക്കുന്നത് നല്ലതാണ്. ചമ്മന്തി ഉണ്ടാക്കുവാനും ഇവ ഉപയോഗിക്കാം.
വൈറ്റമിൻ സി, ഓക്സാലിക് ആസിഡ്, എന്നിവ ധാരാളമായുണ്ട് പുളിയാറിലയിൽ. കാൽസ്യം, ഫോസ്ഫറസ്, നിയാസിൻ, ബീറ്റാകരോട്ടിൻ, ഫ്ളേവനോയ്ഡുകൾ, എന്നിവയെല്ലാം തന്നെ ഒത്തിരി അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും പുളിയാറില ഉത്തമമാണ്.