രാമതുളസിയെ പരിചയപ്പെടാം
തുളസിയില്ലാത്ത വീടുകൾ ഉണ്ടാവില്ല. രണ്ടു തരം തുളസിയാണ് നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്നത്. അവയാണ് കൃഷ്ണതുളസിയും രാമതുളസിയും. പച്ച നിറത്തിലുള്ളതാണ് രാമതുളസി. കൃഷ്ണതുളസിക്ക് ഇരുണ്ട നിറം അല്പം കൂടുതലാണ്. രാമതുളസിയെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിഞ്ഞാലോ...
ഗ്രേറ്റ് ബേസിൽ എന്നാണ് രാമതുളസിയുടെ ഇംഗ്ലീഷ് പേര്. ലാമിയേസിയെ സസ്യകുടുംബത്തിലെ അംഗമാണിവ. ഒസീമം ബേസിലികം എന്നാണ് ശാസ്ത്രനാമം. ആനത്തുളസി, കർപ്പൂരത്തുളസി, എന്നൊക്കെയും പേരുകളുണ്ട്. മധ്യ ആഫ്രിക്ക മുതൽ തെക്ക്-കിഴക്ക് ഏഷ്യ വരെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് രാമതുളസി കാണപ്പെടുന്നത്.
30 മുതൽ 150 സെന്റീമീറ്റർ വരെ ഉയരം വയ്ക്കുന്ന ചെടിയാണ് രാമതുളസി. നല്ല പച്ച നിറത്തിലുള്ള ഇലകളാണ്. വെളുത്ത നിറത്തിലുള്ള ചെറിയ പൂക്കൾ. വർഷം മുഴുവൻ പൂക്കളുണ്ടാകും ഇവയിൽ.
കൃഷ്ണതുളസിയുടെ ഔഷധ ഗുണങ്ങളെല്ലാം ഒരുപക്ഷേ നമുക്ക് കാണാപ്പാഠമായിരിക്കും. അതുപോലെതന്നെ രാമതുളസിക്കും ഒത്തിരി ഔഷധഗുണങ്ങളുണ്ട്. പനി, ചുമ, തുമ്മൽ, ശ്വാസകോശരോഗങ്ങൾ, എന്നിവയ്ക്കൊക്കെ പ്രതിവിധിയാണ് ഇവ. ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർധിപ്പിക്കുവാനുള്ള കഴിവുണ്ടെന്നും ചില പഠനങ്ങളിൽ പറയുന്നു. ഔഷധഗുണങ്ങൾക്കെല്ലാം കാരണം ഇവയിലുള്ള ഫിനോളുകൾ, ആൽക്കലോയ്ഡുകൾ, ഫ്ളേവനോയ്ഡുകൾ, എസൻഷ്യൽ ഓയിലുകൾ എന്നിവയാണ്.