കോവിഡ് 19 - റബ്ബറിനും കനത്ത തിരിച്ചടിയായി
ലോകത്താകെ പടർന്നു പിടിക്കുന്ന കോവിഡ് 19 രോഗ ബാധ റബ്ബറിനും കനത്ത തിരിച്ചടിയായി .കൊറാണ വൈറസ് വാഹന മേഖലയിലുള്‍പ്പെടെ റബര്‍ ഉപഭോഗം താഴ്ത്തിയതോടെ വില ഇനിയും താഴേക്കെന്നാണ് കണക്കുകളും വിശകലനങ്ങളും നല്‍കുന്ന സൂചന.റബറിന് കഴിഞ്ഞ ഒരു മാസത്തിനിടെ കിലോ ഗ്രാമിന് 138 രൂപയില്‍ നിന്ന് 10 രൂപയോളം വില താഴ്ന്നു..റബര്‍ ഉപഭോഗത്തില്‍ മുന്‍പന്തിയില്‍ നിന്ന ചൈനയില്‍ വ്യവസായ മേഖല തിരിച്ചടി നേരിട്ടതാണ് ഇവിടത്തെ വിലയിടിവിനു പ്രധാന കാരണമായത്.
വാഹനങ്ങളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.കൂടാതെ ചൈനയില്‍ നിന്നുള്ള ഉല്‍പ്പാദന ഘടകങ്ങളുടെ വിതരണവും തടസപ്പെട്ടു .കോവിഡ് 19 ബാധയുടെ തിരിച്ചടി മൂലം റബര്‍ ഉപഭോഗം ഗണ്യമായി താഴുകയാണ് എന്ന് വ്യക്തമായി ക്കഴിഞ്ഞു. പ്രകൃതിദത്ത റബ്ബറിന്റെ ആഗോള വിതരണം 2.7 ശതമാനം വര്‍ധിച്ച് ഈ വര്‍ഷം 14.177 മില്ല്യണ്‍ ടണ്ണായി ഉയരുമെന്ന് അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബ്ബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ് (എഎന്‍ആര്‍പിസി) കണക്കുകൾ പുറത്തുവിട്ടിരുന്നു. കോവിഡ് 19 ബാധ മൂലം ഉല്‍പ്പാദനം എത്ര കുറയുമെന്ന കാര്യത്തില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. 2020 ലെ ഇന്ത്യയുടെ ഉല്‍പ്പാദനം 1.3 ദശലക്ഷം ടണ്‍ ആയിരിക്കുമെന്നാണ് ഒരു മാസം മുമ്പ് പ്രവചിച്ചിരുന്നത്. അത് ഇപ്പോള്‍ 1.2 ദശലക്ഷം ടണ്‍ ആയി കുറച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ കണക്ക് ഇനിയും മാറാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.