ചിരട്ടയിലെ ജീവൻ തുടിക്കുന്ന ശില്പങ്ങൾ, കരകൗശല വിസ്മയം തീർത്ത് സന്തോഷ്
പലരും പാഴാക്കിക്കളയുന്ന ചിരട്ടകളിൽ നിന്ന് മനോഹരമായ കരകൗശല വസ്തുക്കൾ ഒരുക്കിയെടുക്കുകയാണ് കൈപ്പുഴ കോട്ടയരുകിൽ കെ. പി സന്തോഷ് എന്ന കലാകാരൻ. സന്തോഷിന് ചിരട്ട കേവലം ഒരു പാഴ്വസ്തുവല്ല, ഒട്ടേറെ കലാനിർമ്മതികൾ കൊത്തിയെടുക്കാനുള്ള ഒരു മാധ്യമമാണ്. ശില്പ കലയൊന്നും പഠിച്ചിട്ടില്ലാത്ത സന്തോഷിന്റെ നിർമ്മിതികൾ കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെട്ടു പോകും. മനസ്സിൽ കാണുന്ന ഓരോ രൂപവും ചിരട്ടയിൽ മെനഞ്ഞെടുക്കുന്നത് തീർത്തും ദൈവാനുഗ്രഹം മാത്രമാണ് എന്നാണ് ഈ കലാകാരൻ പറയുന്നത്.
രണ്ടു വർഷങ്ങൾക്കു മുൻപാണ് സന്തോഷ് ചിരട്ടയിൽ ശില്പങ്ങൾ നിർമ്മിച്ചു തുടങ്ങിയത്. ഭവന നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന സന്തോഷിന് പെട്ടെന്ന് വന്നൊരു രോഗമാണ് ജീവിതത്തിന്റെ താളം തെറ്റിച്ചത്. കടുത്ത നടുവേദന തുടർന്ന് ശാരീരികമായി അധ്വാനിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ശില്പവിദ്യ സന്തോഷിന് ഒരു തുണയായത്.ആദ്യമെല്ലാം ചിരട്ടയിൽ ശില്പങ്ങൾ ഒരുക്കിയത് ഒരു ഹോബിയായിരുന്നുവെങ്കിൽ, ഇന്ന് ഇത് സന്തോഷിന്റെ ഉപജീവനമാണ്. ഇലക്ട്രിക് ഉപകരണങ്ങളുടെ ഒരു സഹായവും ഇല്ലാതെ പശ, സാൻഡ് പേപ്പർ,ആക്സോ ബ്ലേഡ് എന്നിവ മാത്രം ഉപയോഗിച്ചാണ് സന്തോഷ് ശില്പങ്ങൾ ഒരുക്കി എടുക്കുന്നത്.
ശ്രീകൃഷ്ണൻ, ശ്രീനാരായണഗുരു, യേശുദേവൻ, വിളക്ക്, രൂപക്കൂട്, ഫ്ലവർ വേസ്, വാൽക്കണ്ണാടി,ചിരട്ടപ്പുട്ട് തുടങ്ങി നിരവധി ശില്പങ്ങൾ ഇതിനോടകം സന്തോഷ് നിർമ്മിച്ചു കഴിഞ്ഞിരിക്കുന്നു. ഏകദേശം മൂന്നുമാസം വരെ സമയമെടുത്താണ് ഓരോ ശില്പങ്ങളുടെയും നിർമ്മാണം. പണി പൂർത്തിയാക്കിയ ശേഷം പോളിഷ് അടക്കം ചെയ്താണ് ആവശ്യക്കാരിലേക്ക് ചിരട്ടയിൽ മെനഞ്ഞെടുത്ത ശില്പങ്ങൾ സന്തോഷ് എത്തിക്കുന്നത്. കൗതുകത്തിന് തുടങ്ങിയതാണതെങ്കിലും ഇതിൽനിന്ന് കിട്ടിയ ചെറിയ വരുമാനം ജീവിതത്തിൽ ഒത്തിരി സന്തോഷത്തിന് കാരണമായെന്ന് സന്തോഷ് പറയുന്നു. അദ്ദേഹത്തിന് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും നൽകി ഭാര്യ വിജിയും കൂട്ടിനുണ്ട്.