ഈ കുട്ടികൾക്ക് കളിയല്ല കൃഷി
മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞ് ജൈവകൃഷിയുടെ മാതൃക തീർത്ത് പഠനത്തെ കൂടുതൽ രസകരം ആക്കുകയാണ് ആലപ്പുഴ മുഹമ്മയിലെ മദർ തെരേസ ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. ജൈവകൃഷിയുടെ മികച്ച മാതൃക തന്നെയാണ് സ്കൂളിൻറെ അങ്കണത്തിൽ വിദ്യാർത്ഥികൾ ഒരുക്കിയിരിക്കുന്നത്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് കൃഷിയുടെ പരിപാലനം. പഠനത്തിൻറെ ഇടവേളകൾ പൂർണ്ണമായും നീക്കി വെച്ചാണ് വിദ്യാർത്ഥികളുടെ മിന്നും കൃഷി.
നടീൽ മുതൽ വിളവെടുപ്പ് വരെയുള്ള എല്ലാ കാര്യങ്ങളിലും മേൽനോട്ടം വഹിക്കുന്നത് വിദ്യാർത്ഥി കൂട്ടായ്മകളാണ്. ഇവർ വിളയിക്കുന്നത് ഇവിടത്തെ ഉച്ചയൂണിയനായി സ്കൂൾ അധികൃതർ ഉപയോഗപ്പെടുത്തുന്നു. വിദ്യാർത്ഥികളുടെ ഭക്ഷണത്തിനു വേണ്ടിയുള്ള കൃഷി ആയതുകൊണ്ട് തന്നെ പൂർണമായും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത്. ഉച്ചയൂണിന്റെ ആവശ്യം കഴിഞ്ഞുള്ള പച്ചക്കറികൾ വിദ്യാർത്ഥികൾക്കും അധ്യാപകരും പങ്കിട്ട് എടുക്കുകയാണ് പതിവ്. കുട്ടികൾക്ക് വിഷരഹിത ഭക്ഷണം നൽകാൻ എല്ലാ ദിവസവും കഴിയുന്നു എന്നത് സ്കൂൾ അധികൃതർക്ക് നേട്ടമാണ്. കാലാവസ്ഥ അധിഷ്ഠിതമായി എല്ലാ തരത്തിലുള്ള പച്ചക്കറികളും ഇവിടെ വിദ്യാർത്ഥികൾ കൃഷി ചെയ്തെടുക്കുന്നു.