ബാങ്കിംഗ് ജോലിയിൽ നിന്ന് കാർഷിക സംരംഭകത്വത്തിലേക്ക്, മുരിങ്ങയിലയുടെ വിപണസാധ്യതകൾ തിരിച്ചറിഞ്ഞ് വീട്ടമ്മ
ബാങ്കിംഗ് ജോലി ഉപേക്ഷിച്ച് മുരിങ്ങയിലയുടെ വിപണി സാധ്യതകൾ തിരിച്ചറിഞ്ഞ വീട്ടമ്മയാണ് തൃശ്ശൂർ മരോട്ടിച്ചാൽ സ്വദേശിനി അംബിക സോമസുന്ദരം. ഇന്ന് മുരിങ്ങയിലയിൽ നിന്ന് മാത്രമായി പത്തോളം ഉൽപ്പന്നങ്ങളാണ് 'കാര്യാട്ട് ഡ്രൈ ഫ്രൂട്ട്സ്' എന്ന ബ്രാൻഡിൽ ഈ വീട്ടമ്മ വിപണിയിലേക്ക് എത്തിക്കുന്നത്.തന്റെ കാർഷിക സംരംഭകത്വം വിജയവഴികൾ തേടിയതിനൊപ്പം ഒട്ടേറെ വനിതകൾക്കും തൊഴിലിന്റെ വാതായനങ്ങളും അംബിക തുറന്നു കൊടുത്തു. ഒപ്പം പോഷകാംശത്തിൽ മുൻപന്തിയിലുള്ള മുരിങ്ങയിലയിൽ നിന്ന് പുട്ടും പൊടി മുതൽ പായസ മിക്സ് വരെയുള്ള ഉൽപ്പന്നങ്ങളുടെ വൈവിധ്യവും വിപണിയിലേക്ക് എത്തിച്ചു.
ഒട്ടും മായം ചേർക്കാത്ത നല്ല ഭക്ഷണം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് അഞ്ചുവർഷങ്ങൾക്ക് മുൻപ് അംബിക ഭക്ഷ്യ സംസ്കരണ യൂണിറ്റ് ആരംഭിക്കുന്നത്. ക്യാരറ്റ്- അരിപ്പൊടി, ബീറ്റ്റൂട്ട് -അരിപ്പൊടി,ചക്ക- അരിപ്പൊടി,റാഗി -അരിപ്പൊടി എന്നിങ്ങനെ 10 കൂട്ടം അരിപ്പൊടി മിക്സിൽ ആയിരുന്നു യൂണിറ്റിന്റെ ആരംഭം. ഒപ്പം ചക്കയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങളും. പക്ഷേ 10 കൂട്ടം അരിപ്പൊടി മിക്സിയിൽ പച്ച നിറത്തിലുള്ള ഒന്നുമില്ലല്ലോ എന്ന് ചിന്തയിൽ നിന്നാണ് മുരിങ്ങയിലയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങളിലേക്ക് എത്തുന്നത്. ഇതിനൊപ്പം ഈ വിഭവങ്ങൾ പരിചയപ്പെട്ട ദുബായിലെ ഒരു സ്ഥാപനം ഒരു കണ്ടെയ്നർ മുരിങ്ങയിലപ്പൊടി നൽകാൻ ആകുമോ എന്ന് ചോദിച്ചപ്പോഴാണ് മുരിങ്ങയിലയുടെ വിപണി സാധ്യതകളെ കുറിച്ച് സുഹൃത്തുക്കളുമായി ആലോചിക്കുന്നത്. വിപണി സാധ്യതകൾ മാത്രമല്ല മുരിങ്ങയുടെ ആരോഗ്യമേന്മകളും അംബിക തിരിച്ചറിഞ്ഞു. വീട്ടിലുണ്ടായിരുന്ന മുരിങ്ങയില ഉണക്കി പല ആരോഗ്യ വിഭവങ്ങളും തയ്യാറാക്കി നോക്കി. പലതിന്റെയും രുചി സുഹൃത്തുക്കളുമായി പങ്കുവെച്ച് ഒട്ടേറെ ഉൽപ്പന്നങ്ങൾ തയ്യാറാക്കി. അതിൽനിന്ന് എല്ലാവർക്കും പ്രിയപ്പെട്ട പത്ത് ഉൽപ്പന്നങ്ങളാണ് വിപണിയിലേക്ക് എത്തിച്ചത്.
മുരിങ്ങയില വൈവിധ്യം
മുരിങ്ങപ്പൊടി ചേർത്ത പുട്ടുപൊടി, സൂപ്പ്, ചട്നി പൗഡർ, പായസം മിക്സ്, ചമ്മന്തിപ്പൊടി, മില്ലറ്റ് പൗഡർ, ക്യാപ്സ്യൂൾ തുടങ്ങി ഒട്ടേറെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ മുരിങ്ങയിലയിൽ നിന്ന് അംബിക തയ്യാറാക്കി. നിത്യ ആഹാരത്തിൽ എത്ര ശതമാനമാണ് മുരിങ്ങപ്പൊടി വേണം എന്നത് ആരോഗ്യവിദഗ്ധരുമായി സംസാരിച്ചാണ് ഓരോ വിഭവങ്ങളിലും മുരിങ്ങയില പൗഡറിന്റെ അനുപാതം നിശ്ചയിച്ചത്. 10 കിലോ മുരിങ്ങയില ഡ്രയറിൽ വച്ച് ഉണക്കിയെടുക്കുമ്പോൾ 1 കിലോ മുരിങ്ങയിലയാണ് ലഭ്യമാവുന്നത്.
മുരിങ്ങയില സംസ്കരണ രീതി
ഒല്ലൂർ കൃഷി സമൃദ്ധിയുമായി യോജിച്ചാണ് മുരിങ്ങയില കൃഷി ചെയ്യുന്നത്. തൃശ്ശൂർ ജില്ലയിൽ ഒല്ലൂർ, വടക്കാഞ്ചേരി, എരുമപ്പെട്ടി, പുത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് കൂടുതലും മുരിങ്ങയില സംഭരിക്കുന്നത്. രാവിലെ സംഭരിച്ചാൽ ഉച്ചയോടു കൂടി ഡ്രയറിൽ ഉണക്കുകയാണ് പതിവ് ഏകദേശം ഒന്നര ദിവസം കൊണ്ട് ഇല ഉണങ്ങുന്നു. തണ്ട് നീക്കിയ ഇല കിലോ 30 രൂപ എന്ന കണക്കിലും തണ്ടോടുകൂടിയ ഇല 15 രൂപ എന്ന കണക്കിലുമാണ് നിലവിൽ വാങ്ങുന്നത്. ഇത്തരത്തിൽ വൃത്തിയാക്കിയെടുത്ത ഇല മഞ്ഞൾപൊടി ചേർത്ത മിശ്രിതത്തിൽ കഴുകിയാണ് ഡ്രയറിൽ ഉരുകാത്ത ഷീറ്റിന് താഴെ പേപ്പർ വിരിച്ച് ഉണക്കിയെടുക്കുന്നത്. ഇതിനൊപ്പം കൃഷി തൽപരരായ വ്യക്തികൾക്ക് ഗുണമേന്മയുള്ള മുരിങ്ങത്തൈകൾ വിതരണം ചെയ്തു കൃഷി ചെയ്തെടുക്കുകയും ചെയ്യുന്നുണ്ട്. തൃശ്ശൂർ സെൻട്രൽ ജയിൽ നിന്ന് മാത്രം ആയിരത്തോളം മുരിങ്ങ മരങ്ങളിലെ ഇലകൾ ഈ സ്ഥാപനത്തിലേക്ക് ഇപ്പോൾ എത്തിക്കാൻ സാധിക്കുന്നുണ്ട്.
പ്രത്യക്ഷത്തിൽ അംബികയ്ക്ക് സഹായകമായി 6 ജീവനക്കാരാണ് ഇവിടെ ഉള്ളതെങ്കിലും കുടുംബശ്രീ ഹോം ഷോപ്പ് എന്ന സംവിധാനത്തിലൂടെ 25 ഓളം വനിതകൾ കാര്യാട്ട് ഡ്രൈ ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിൻറെ ഭാഗമായി പരോക്ഷമായി ജോലി ചെയ്യുന്നുണ്ട്. മലയോര മേഖലയിൽ ഒട്ടും വിപണി ഇല്ലാതിരുന്ന മുരിങ്ങയിലയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് അതിനെ വിദേശ വിപണി വരെ എത്തിക്കാൻ കഴിഞ്ഞു എന്നതിലാണ് ഈ വീട്ടമ്മയുടെ വിജയം. ഉറച്ച ആത്മവിശ്വാസവും നിരന്തര കഠിനപ്രയത്നവും ഉണ്ടെങ്കിൽ മനസ്സിൽ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് തീർച്ചയായും എത്താൻ സാധിക്കുമെന്നാണ് ഈ വീട്ടമ്മ തെളിയിക്കുന്നത്.
AMBIKA CONTACT NUMBER-9539731501