For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ചൊരിമണലിലെ ചീര വിപ്ലവം, പെൺ കൂട്ടായ്മയിൽ വിളയുന്നത് നൂറുമേനി

01:57 PM Feb 24, 2024 IST | Priyanka Menon

തരിശുഭൂമികൾ സ്വന്തം അധ്വാനത്തിലൂടെ വിളനിലമാക്കി വീടിന് വരുമാനവും നാടിന് ആഹാരവും ഉറപ്പാക്കുന്ന ഒട്ടേറെ പെൺ കൂട്ടായ്മകളുടെ പെരുമയുള്ള നാടാണ് ആലപ്പുഴയിലെ തൈക്കൽ. ഈ നാടിനെ പ്രശസ്തമാക്കിയ മറ്റൊന്നു കൂടിയുണ്ട് തൈക്കൽ പട്ടു ചീര. ഈ പട്ടു ചീരയെ ജീവനും ജീവിതവുമാക്കിയ രണ്ട് വീട്ടമ്മമാരുടെ വിജയകഥയാണിത്.

Advertisement

ചേർത്തല തെക്ക് തൈക്കൽ ഗ്രാമത്തിലെ ആനന്ദവല്ലി ചേച്ചിയുടെയും ബിന്ദു ചേച്ചിയുടെയും കൃഷിയിടം ഒരു ചുവന്ന പൂപ്പാടത്തിനേക്കാൾ മനോഹരമാണ്. ഒരേക്കർ പാട്ടത്തിനെടുത്ത സ്ഥലത്ത് പ്രധാന വിളയായി ഇവർ കൃഷി ചെയ്യുന്നത് പട്ടു ചീരയാണ്. ഏകദേശം 10 വർഷമായി വാണിജ്യ അടിസ്ഥാനത്തിൽ ആനന്ദവല്ലി ചേച്ചിയും ബിന്ദു ചേച്ചിയും ചീര കൃഷി ചെയ്യുന്നുണ്ട്.ചീര മാത്രമല്ല മറ്റു പച്ചക്കറികളും വീട്ടാവശ്യത്തിന് ഇവർ വിളയിച്ചെടുക്കുന്നുണ്ട്. ലാഭം മാത്രം പ്രതീക്ഷിച്ചുകൊണ്ടല്ല കുടുംബത്തിൻറെ ആരോഗ്യവും കണക്കിലെടുത്താണ് ഈ കൂട്ടായ്മ കൃഷിയിലേക്ക് ഇരുവരും ഇറങ്ങിയത്. പക്ഷേ മറ്റേത് പച്ചക്കറി വിളയെക്കാളും കൂടുതൽ ലാഭവും, വിളവും ചീര കൃഷിക്ക് തന്നെയെന്നാണ് ഇരുവരുടെയും അഭിപ്രായം.

 രാവിലെ ആറുമണിക്ക് തുടങ്ങുന്നതാണ് ചീര കൃഷിയുടെ അധ്വാനം. വെയിൽ അധികം എത്തുന്നതിനു മുൻപ് അതായത് ഏകദേശം പത്തുമണിയോടെ നന പൂർത്തിയാക്കുന്നു. ചീര കൃഷിക്ക് ആവശ്യമായ വെള്ളം കോരി നനയ്ക്കുകയാണ് പതിവ്. അധിക അധ്വാനം ഉണ്ടെങ്കിലും കൃഷി ചെയ്യുമ്പോൾ കിട്ടുന്ന ആനന്ദവും ആരോഗ്യവും വേറൊന്നിനും കിട്ടില്ലെന്നും ബിന്ദു ചേച്ചി പറയുന്നു. കാർഷിക പാരമ്പര്യത്തിൽ ജനിച്ച വളർന്നവർ ആയതുകൊണ്ട് തന്നെ തലമുറകൾ പകർന്ന കാർഷിക അറിവുകളും, കൃഷിയിൽ നിന്ന് സ്വായന്തമാക്കിയ അറിവുകളും ഇരുവരും കൃഷിയിടത്തിൽ ശാസ്ത്രീയമായി തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ചൊരിമണലിൽ ചീര കൃഷിയിൽ വൻ വിജയമുറപ്പിക്കാൻ ഇവർക്ക് സാധിക്കുന്നത്.

Advertisement

തൈക്കൽ പട്ടുചീരയുടെ കൃഷിരീതികൾ

ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് ഇലക്കറികൾ. ഇലക്കറികളിൽ മലയാളികൾക്ക് കൂടുതൽ പ്രിയം ചീരയോട് തന്നെയാണ്. പരിചരണമുറകൾ താരതമ്യേന എളുപ്പവും, കുറഞ്ഞ കാലം കൊണ്ട് വിളവെടുക്കാമെന്നതും ചീരയെ മലയാളികളുടെ അടുക്കള കൃഷിയുടെ ഭാഗമാക്കി മാറ്റി. ചീരയിൽ തന്നെ കൂടുതൽ സ്വാദും, ആരോഗ്യഗുണങ്ങൾ ഏറെയുമുള്ള ഒന്നാണ് തൈക്കൽ പട്ടു ചീര. ഇലകൾക്ക് പട്ടിനേക്കാൾ മാർദവുമാണ്. രോഗ പ്രതിരോധ പ്രതിരോധശേഷി കാര്യത്തിലും മുൻപന്തിയിൽ തന്നെ. അതുകൊണ്ടുതന്നെ ഡിമാൻഡ് കൂടുതലാണ്. ചീരകളിൽ കണ്ടുവരുന്ന ഇലപ്പുള്ളി രോഗം പൊതുവേ ഈ ഇനത്തിൽ പ്രത്യക്ഷപ്പെടാറില്ല. ഇതിൻറെ കടുത്ത ചുവന്ന നിറവും ഈ ചീര ഇനത്തിന് ആരാധകരെ സൃഷ്ടിച്ചുവെന്ന് പറഞ്ഞാലും തെറ്റില്ല. എപ്പോഴും ഈർപ്പ സാന്നിധ്യം ഉള്ളതും, സൂര്യപ്രകാശം സമൃദ്ധമായ നൽകുന്നതുമായ ഇടമാണ് ചീര കൃഷിക്ക് അനുയോജ്യം. നേരിട്ട് വിത്ത് പാകിയോ പറിച്ചു നട്ടോ പുതിയ തൈകൾ വളർത്തിയെടുക്കാൻ സാധിക്കും.

പാരമ്പര്യമായി കൃഷി ചെയ്തുവരുന്ന ഇനമായതുകൊണ്ട് തൈക്കൽ പട്ടു ചീരയുടെ വിത്ത് ഓരോ തവണത്തെ കൃഷിക്ക് ശേഷവും മാറ്റിവയ്ക്കുന്ന പതിവാണ് ഇവിടത്തുകാർക്കുള്ളത്. തീർത്തും ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത് കോഴി വളവും ചാണകപ്പൊടിയും മാത്രമാണ് ഉപയോഗിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ തടത്തിൽ മണൽ ചേർത്ത് ആണ് വിത്തുകൾ വിതയ്ക്കുന്നത്. തടത്തിൽ ചാണകപ്പൊടി മണ്ണുമായി കലർത്തി വിതറിയാണ് വിത്തുപാകൽ നടത്തുന്നത്. അതിനുശേഷം കൈകൊണ്ട് നേർമയായി വെള്ളം നനച്ചു കൊടുക്കുന്നു. നനച്ചതിനുശേഷം ഒരു ആവരണം പോലെ ചാണകപ്പൊടി അല്ലെങ്കിൽ കോഴിവളം വിതറുകയും ചെയ്യുന്നു. വേനൽക്കാലത്ത് കൃഷി ചെയ്യുമ്പോൾ ദിവസവും രണ്ട് തവണ നന പ്രധാനമാണ്. നല്ല നീളത്തിൽ എടുക്കുന്ന തടത്തിൽ ഏകദേശം 1000 ചീര വരെ നടാറുണ്ട്. ഗോമൂത്രവും കാന്താരിയും വെളുത്തുള്ളിയും ചേർത്ത് മിശ്രിതമാണ് കീട നിയന്ത്രണത്തിന് ഉപയോഗപ്പെടുത്തുന്നത്. ഒരു തൈ നട്ട് ഏകദേശം ഇരുപത്തിയാഞ്ചം ദിവസം മുതൽ വിളവെടുപ്പ് സാധ്യമാകും.

വിപണനവും വരുമാനവും

ചൊരി മണലിലെ ചീര കൃഷി അത്രയ്ക്ക് എളുപ്പമല്ലെങ്കിലും കൃത്യമായ നിരീക്ഷണത്തിലൂടെയും പരിചരണത്തിലൂടെയും ചീര കൃഷിയിൽ നിന്ന് ഇവർ ആദായം കണ്ടെത്തുന്നത്. കഷ്ടപ്പെട്ടാലും ചീര കൃഷിയിൽ നിന്നുള്ള ആദായം ഇരട്ടിയാണ്. ആവശ്യക്കാർ ഏറെ ഉള്ളതുകൊണ്ടുതന്നെ വിളവെടുക്കുന്ന ദിവസം തന്നെ വിറ്റഴിക്കാൻ കഴിയുന്നുണ്ടെന്നാണ് ഈ വീട്ടമ്മമാർ പറയുന്നത്. ആവശ്യക്കാർ മുൻപേ ഓർഡറും നൽകാറുണ്ട്. ഒരു പ്ലോട്ടിൽ വിളവെടുപ്പ് നടത്തുമ്പോഴേക്കും മറ്റൊരു പ്ലോട്ടിൽ വിതയും നടത്തുന്നതുകൊണ്ട് 365 ദിവസവും ഇവിടെ കൃഷി സാധ്യമാണ്. മഴക്കാലത്ത് കൃഷി അല്പം കുറവാണെങ്കിലും ഇടവിള എന്ന രീതിയിലും ചീര കൃഷി ഇവർ ചെയ്യുന്നു. ചുവന്ന ചീര പോലെ തന്നെ പച്ച ചീരയും ഇടകലർത്തി കൃഷി ചെയ്യാറുണ്ട്. ഇത് കീട നിയന്ത്രണത്തിനും, വരുമാനത്തിനും ഗുണം ചെയ്യുന്നു. ഇതിനൊപ്പം ഒറ്റയ്ക്ക് ഒരാൾ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഉത്പാദനക്ഷമതയും വരുമാനവും ഈ കൂട്ടായ്മ കൃഷിയിലൂടെ സാധ്യമാകുന്നുവെന്നും ഇവർ കാട്ടിത്തരുന്നു.

ബിന്ദു ചേച്ചിക്കും ആനന്ദവല്ലി ചേച്ചിക്കും മികച്ച ആദായം ചീര കൃഷിയിൽ നിന്ന് ഉറപ്പുവരുത്താൻ സാധിക്കുന്ന പോലെ അല്പം കഷ്ടപ്പെട്ടാൽ ചീര കൃഷിയിൽ നിന്ന് ആർക്കും വരുമാനം നേടാവുന്നതാണ്. വരുമാനം മാത്രം മുന്നിൽ കാണാതെ കൃഷിയോടുള്ള ഇഷ്ടവും, നല്ല ഭക്ഷണം കഴിക്കാമെന്നുള്ള ആഗ്രഹമുണ്ടെങ്കിൽ കൃഷിയെ ഒരു ജീവിതമാർഗമാക്കാൻ ആർക്കും സാധിക്കുമെന്നതിനും ഇവർ മാതൃകയാണ്..

Advertisement