For the best experience, open
https://m.agritv.live
on your mobile browser.
Advertisement

500 സ്ക്വയർഫീറ്റിലെ അത്ഭുത കാഴ്ച! വീട്ടിലേക്ക് വേണ്ടതെല്ലാം മട്ടുപ്പാവിൽ ഒരുക്കി സരസ്വതി അമ്മ

04:47 PM Jun 18, 2024 IST | Priyanka Menon

തിരക്കേറിയ വീഥികൾ, മെട്രോ ട്രെയിൻ, കെട്ടിട സമുച്ചയങ്ങൾ.. കൊച്ചിയിൽ കാഴ്ചകൾ ഏറെയാണ്. പക്ഷേ ഇതിലും മനോഹരമായ അല്ലെങ്കിൽ അപൂർവമായ ഒരു കാഴ്ച കൊച്ചിയുടെ ഹൃദയഭാഗത്തുണ്ട്. വൈറ്റില ഫ്ലൈ ഓവറിനോട് ചേർന്നുള്ള പുളീം പറമ്പ് വീടിൻറെ മട്ടുപ്പാവിൽ 74 കാരി സരസ്വതി ഒരുക്കിയ ഒരു അത്യുഗ്രൻ കൃഷിത്തോട്ടം.

Advertisement

ഈ കൃഷിത്തോട്ടത്തിൽ എത്തിയാൽ ആർക്കും തോന്നാം ഇതൊരു പറമ്പ് പോലെയുണ്ടല്ലോ എന്ന്. കാൽ നൂറ്റാണ്ടിൽ ഏറെ പഴക്കമുള്ള നാല് മാവും, മൂന്ന് നാരകവും, പ്ലാവും പപ്പായയും തുടങ്ങി വിവിധതരത്തിലുള്ള ഫലവൃക്ഷങ്ങളും, ഔഷധസസ്യങ്ങളും, വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ഇവിടെയുണ്ട്. മൂന്ന് സെന്റിലെ 500 ചതുരശ്ര അടി വീടിൻറെ മട്ടുപ്പാവിലാണ് ഈ കൃഷിത്തോട്ടം. പ്രായത്തിന്റെ അവശതകൾ മറികടന്നാണ് സരസ്വതി അമ്മ ഈ കൃഷിത്തോട്ടം സംരക്ഷിക്കുന്നത്. ഇത്തിരി സ്ഥലത്ത് എങ്ങനെ കൃഷി ചെയ്യാം എന്ന് പരിതപിക്കുന്നവർക്ക് ഒരായിരം ആശയങ്ങളും സന്ദേശവുമാണ് ഈ കൃഷിയിടം ഒരുക്കി നൽകുന്നത്.

Advertisement

വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ആയിരുന്ന ഭർത്താവ് പരമേശ്വരനാണ് 37 വർഷം മുൻപ് മട്ടുപ്പാവിൽ ആദ്യമായി കൃഷി തുടങ്ങിയത്. ആദ്യം പച്ചക്കറികൾ മാത്രമായിരുന്നു, പിന്നീട് ആയിരുന്നു തെങ്ങും വാഴയും മാവും അടക്കമുള്ള ഫലവൃക്ഷങ്ങൾ കൃഷിയിടത്തിൽ നട്ടു പരിപാലിക്കാമെന്ന് തീരുമാനിക്കുന്നത്. മഴവെള്ളം ഒഴുക്കി കളയാൻ പ്രത്യേക ചാലുകൾ ക്രമീകരിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്. തീർത്തും ജൈവരീതിയിലാണ് കൃഷിയിടം ഒരുക്കുന്നത്. ജൈവരീതിയിൽ വിളയുന്നതു കൊണ്ട് ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് ഡിമാൻഡ് ഉണ്ട്.

മട്ടുപ്പാവിൽ കൃഷി ചെയ്യുമ്പോൾ പലർക്കും ഉള്ള ഒരു ആശങ്കയാണ് ഈ കൃഷി വീടിന് ദോഷകരമായി മാറില്ലേ എന്നത്. എന്നാൽ സരസ്വതി അമ്മയുടെ കൃഷിയിടം കണ്ടാൽ ഈ ആശങ്കയും അകറ്റാം. 37 വർഷമായിട്ടും ഈ വീടിന് ചോർച്ചയോ മറ്റു കേടുപാടുകളോ സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. ടെറസ് വാർത്തപ്പോൾ 10% കമ്പി കൂടുതൽ ഉപയോഗിച്ച് കനം കൂട്ടി കോൺക്രീറ്റ് ചെയ്തു. ഒരാഴ്ച വെള്ളം കെട്ടി നിർത്തിയ ശേഷം ഒഴുക്കി കളഞ്ഞ് ഒരു അടിയോളം മണ്ണിട്ട് നിരത്തിയാണ് കൃഷി തുടങ്ങിയത്. ആദ്യം നട്ടത് പച്ചക്കറികളും വാഴയും ആയിരുന്നു. കുല വെട്ടി വാഴ പിഴുതു മാറ്റാൻ ശ്രമിച്ചപ്പോഴാണ് ഇതിൻറെ വേര് ടെറസ് നിറയെ പടർന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് വാഴയുടെ വേര് ഇത്രത്തോളം പടരുമെങ്കിൽ മറ്റു മരങ്ങളും നടാം എന്നായി ഇരുവരുടെയും ചിന്ത. പിന്നീടാണ് മാവും തെങ്ങും നാരകവും ഉൾപ്പെടെയുള്ളവ പരീക്ഷിച്ചത്.

തെങ്ങിന് കൊമ്പൻ ചെല്ലി ആക്രമണം രൂക്ഷമായതോടെ തെങ്ങ് വെട്ടി കളയേണ്ടി വന്നു. പക്ഷേ മറ്റുള്ളവ ടെറസിൽ മനോഹരമായി പടർന്നുപന്തലിച്ചു നിൽക്കുന്നു. ബയോഗ്യാസ് പ്ലാന്റിലെ സ്ലറിയും, ചാണകവും വേപ്പിൻപിണ്ണാക്ക് പുളിപ്പിച്ചതും ഉൾപ്പെടെയുള്ള ജൈവളങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്. ജലസേചന സൗകര്യത്തിനായി ടാങ്കിൽ നിന്ന് പൈപ്പ് വഴി മുകളിലേക്ക് ജലം എത്തിക്കുകയാണ് പതിവ്. കാലാവസ്ഥ അനുസൃതമായി എല്ലാ വിളകളും സരസ്വതി അമ്മ കൃഷി ചെയ്യാറുണ്ട്. ശീതകാലവിളകളായ ക്യാബേജും കോളിഫ്ലവറും കാരറ്റും ഉൾപ്പെടെയുള്ളവ മട്ടുപ്പാവിലെ കൃഷിയിടത്തിലുണ്ട്. ഒപ്പം പൊന്നാങ്കണ്ണി ചീര,ചുവന്ന ചീര, വള്ളി ചീര, ചായ മനസാ തുടങ്ങി ചീരകളുടെ വൈവിധ്യം വേറെയും. കുമ്പളവും വെള്ളരിയും പാവലും പടവലവും ഉൾപ്പെടെയുള്ളവ പന്തലിട്ടും വളർത്തുന്നു. ഇതിനൊപ്പം കറ്റാർവാഴ, രാമച്ചം, കരിമ്പ് തുടങ്ങി ഔഷധസസ്യങ്ങളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. കൂടാതെ കാച്ചിൽ, ചേന, ചേമ്പ്, ഇഞ്ചി മഞ്ഞൾ തുടങ്ങി കിഴങ്ങു വർഗ്ഗങ്ങളുടെ ശേഖരവും പച്ചത്തുരുത്തിന്റെ ഭംഗി കൂട്ടുന്നു.


പ്രായാധികം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അകറ്റുവാൻ തനിക്ക് കൃഷി കരുത്ത് പകരുന്നുവെന്നാണ് സരസ്വതി അമ്മ പറയുന്നത്. ഇത്രയും കുറഞ്ഞ സ്ഥലത്ത് തനിക്ക് കൃഷി ചെയ്യാമെങ്കിൽ എല്ലാവർക്കും കൃഷി ചെയ്യാമെന്നും, സ്ഥലമല്ല മറിച്ച് മനസ്സാണ് പ്രധാനം എന്നും സരസ്വതി അമ്മ കൂട്ടിച്ചേർക്കുന്നു. എ.സി കോൺട്രാക്ടറായ മകൻ പി എസ് ഷാഹുലിനും, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥയായ മരുമകൾ നീനുവിനും ചെറുമകൻ റയനും ഒപ്പമാണ് സരസ്വതി അമ്മയുടെ താമസം. പ്രകൃതിയോട് ഇണങ്ങി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന സരസ്വതി അമ്മയെ പോലുള്ളവർ ഈ സമൂഹത്തിന് മാതൃകയാകട്ടെ..

Saraswathi amma contact number-9048514033

Advertisement