21-ാമത് ലൈവ്സ്റ്റോക്ക് സെൻസസിന് കേരളത്തിൽ തുടക്കമായി
ഇരുപത്തിയൊന്നാമത് ലൈവ്സ്റ്റോക്ക് സെൻസസ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും ആരംഭിച്ചു. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെ വളർത്തു മൃഗങ്ങളുടെ കണക്കെടുത്തുകൊണ്ടാണ് സംസ്ഥാനത്തു ലൈവ്സ്റ്റോക്ക് സെൻസസിന് തുടക്കമായത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ പത്‌നി കമല വിജയനാണ് മൃഗസംരക്ഷണ വകുപ്പിലെ എന്യുമറേറ്റർമാർക്കു വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും വിവരങ്ങൾ നൽകിയത്.
ഇനിയുള്ള നാല് മാസക്കാലയളവിൽ മൃഗസംരക്ഷണ വകുപ്പിൽ നിന്നും നിയോഗിച്ചിട്ടുള്ള പരിശീലനം നേടിയ കുടുംബശ്രീയിലെ പശുസഖി/ എ -ഹെൽപ്പ് പ്രവർത്തകർ സംസ്ഥാനത്തെ 1 കോടി 6 ലക്ഷത്തോളം വരുന്ന വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു മൃഗസംരക്ഷണ മേഖലയിലെ പ്രധാനപ്പെട്ട വിവര ശേഖരണം നടത്തും. കേരളത്തിൽ ആദ്യമായിട്ടാണ് പരിശീലനം നേടിയ 3500 ലധികം വരുന്ന കുടുംബശ്രീയിലെ പശുസഖി/ എ -ഹെൽപ്പ് എന്യൂമറേറ്റമാരുടെ നേതൃത്വത്തിൽ കന്നുകാലികളുടെയും മറ്റു വളർത്തു മൃഗങ്ങളുടെയും കണക്കെടുപ്പ് നടത്തുന്നത്. പ്രത്യേകം തയ്യാറാക്കിയിട്ടുള്ള മൊബൈൽ അപ്ലിക്കേഷൻ മുഖേന എല്ലാ വീടുകളെയും സ്ഥാപനങ്ങളെയും ജിയോ ടാഗിംഗ് വഴി മാപ്പ് ചെയ്തുകൊണ്ടാണ് ഇത്തവണ വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വിവരങ്ങൾ ശേഖരിക്കുന്നത്.
സംസ്ഥാനത്ത് ആകെയുള്ള കന്നുകാലികളുടെയും, പക്ഷികളുടെയും വളർത്തു മൃഗങ്ങളുടെയും ഇനം, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിശദമായ വിവരങ്ങളും മൃഗസംരക്ഷണ മേഖലയിലെ കർഷകരുടെയും വനിതാ സംരംഭകരുടയും എണ്ണവും മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ഗാർഹിക സംരംഭങ്ങളുടെയും ഗാർഹികേതര സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും വിശദമായ വിവരങ്ങളും ശേഖരിക്കുന്നതാണ്. ഇതോടൊപ്പം തെരുവ് കന്നുകാലികൾ, തെരുവ് നായ്ക്കൾ,നാട്ടാനകൾ തുടങ്ങിയവയുടെ വിവരവും അറവുശാലകൾ, മാംസസംസ്‌കരണ പ്ലാന്റുകൾ, ഗോശാലകൾ എന്നിവയുടെ വിവരങ്ങളും ശേഖരിച്ചു നാല് മാസം കൊണ്ട് ക്രോഡീകരിക്കുവാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
Content summery : The 21st Livestock Census has started in Kerala along with other states of the country