ഉയർന്ന വിളവും കീടരോഗങ്ങൾ ബാധിക്കാത്തതുമായ രണ്ട് നെല്ലിനങ്ങൾ വികസിപ്പിച്ച് മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം
അത്യുല്പാദനശേഷിയുള്ള പുതിയ രണ്ട് നെല്ലിനങ്ങൾ വികസിപ്പിച്ചിരിക്കുകയാണ് ആലപ്പുഴ മാങ്കോമ്പ് നെല്ല് വിത്ത് ഗവേഷണ കേന്ദ്രം. ആഴ്ചകളോളം കിടന്നാലും വെള്ളം പിടിക്കില്ല, കീട രോഗങ്ങൾ ബാധിക്കില്ല,ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞു പോവില്ല എന്നിങ്ങനെ സവിശേഷതകൾ ഏറെയാണ് ഈ നെല്ലിനങ്ങൾക്ക്. പുണ്യ ആദ്യ എന്നിങ്ങനെ പേരിട്ടിരിക്കുന്ന നെല്ലിനങ്ങൾ നീണ്ട 18 വർഷത്തെ ഗവേഷണത്തിന് ഒടുവിലാണ് വികസിപ്പിച്ചത്.
നെൽവിത്തുകൾ കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. അംഗീകാരം കിട്ടുന്ന മുറയ്ക്ക് പ്രഖ്യാപനം നടക്കും. ഒപ്പം കുട്ടനാട്ടിലെ അടക്കമുള്ള കർഷകർക്ക് ഇവ വിതരണവും ചെയ്യും. കേരളത്തിലെ പരമ്പരാഗത നെല്ലിനകളുടെ സംയോജനത്തിലൂടെയാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്. തവള കണ്ണൻ,ഉമ്മ തുടങ്ങിയ നെൽവിത്തുകളുടെ സംയോജനത്തിലൂടെയാണ് ആദ്യ വികസിപ്പിച്ചത്. ഇത് മൂപ്പെത്താൻ 125 ദിവസം എടുക്കും. പരമ്പരാഗത മട്ടയിനമാണ് ഇത്. ഉമ്മ, ജ്യോതി തുടങ്ങിയ നെൽവിത്തുകളുടെ സംയോജനമാണ് പുണ്യ. നീണ്ട ഉണ്ട അരിയാണ് ഇതിന്. 105 ദിവസം കൊണ്ട് ഇത് മൂപ്പെത്തും.