കൃഷിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ദേശീയ കാർഷിക കോഡ്
രാജ്യത്തെ കൃഷി നിലവാരം മെച്ചപ്പെടുത്താൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ദേശീയ കാർഷികോഡ് തയ്യാറാക്കുന്നു. കോഡിന്റെ കരട് അടുത്തവർഷം ഒക്ടോബറിൽ പുറത്തിറക്കുമെന്ന് മന്ത്രിസഭായോഗം അറിയിച്ചു. വിളകൾ തിരഞ്ഞെടുക്കുന്നത് മുതൽ നിലമൊരുക്കുന്നത് വരെയുള്ള കാര്യങ്ങളും, കാർഷിക ഉത്പന്നങ്ങളുടെ സംഭരണത്തിന് ആവശ്യമായ മാർഗ്ഗനിർദേശങ്ങളും കോഡിന്റെ കരട് രൂപത്തിൽ ഉൾപ്പെടുത്തും.മൈക്രോ ഇറിഗേഷൻ ഉൾപ്പെടെയുള്ള ജലസേചന രീതികൾ, നിലം ഒരുക്കൽ, മണ്ണിന്റെ ഗുണനിലവാരം എന്നിവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിൽ കോഡ് രൂപീകരിക്കുന്നത്.
ദേശീയ കാർഷിക കോഡി ന്റെ ഭാഗമായി കർഷകർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ വിവിധ കാർഷിക സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ബ്യൂറോ ഇന്ത്യൻ സ്റ്റാൻഡേർഡ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവേരി പറഞ്ഞു. കർഷകർക്കും കാർഷിക സർവകലാശാലകൾക്കും കൃഷി അനുബന്ധ സ്ഥാപനങ്ങൾക്കും കൃത്യമായി മാർഗനിർദ്ദേശം നൽകുക എന്ന് ഉദ്ദേശത്തോടെയാണ് കാർഷിക കോഡ് തയ്യാറാക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ട് ഭാഗങ്ങൾ ആയിട്ടായിരിക്കും കോഡ് പുറത്തിറക്കുക. ഈ കോഡ് പ്രകാരം ഓരോ പ്രദേശത്തെയും മണ്ണിന്റെയും കാലാവസ്ഥയുടെയും സ്വഭാവത്തിന് അനുസരിച്ചുള്ള വിളകൾ തെരഞ്ഞെടുക്കാൻ കർഷകർക്ക് സഹായകമാകും.ഇതിനൊപ്പം കാർഷിക ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വിപണി വില ലഭിക്കാനുള്ള വ്യവസ്ഥകളും കൂടിയുണ്ടാകും. എല്ലാവിളകൾക്കുമായി ഉള്ള പൊതുനിർദ്ദേശങ്ങളാണ് ആദ്യഭാഗത്ത് ഉണ്ടാക്കുക. രണ്ടാംഭാഗത്ത് നെല്ല്, ഗോതമ്പ്,എണ്ണക്കുരു, പയർ, പരിപ്പ് വർഗ്ഗങ്ങൾക്കുള്ള ഗുണനിലവാരം നിർദ്ദേശങ്ങളും ഉണ്ടാകും. നാഷണൽ ബിൽഡിംഗ് കോഡ്,നാഷണൽ ഇലക്ട്രിക് കോഡ് എന്നിവയുടെ മാതൃകയിൽ ആയിരിക്കും ഈ കോഡും തയ്യാറാക്കുക.
Content summery : The Bureau of Indian Standards prepares the National Agricultural Code to improve agricultural standards in the country.