ആട് വസന്ത രോഗ നിർമ്മാർജ്ജന യജ്ഞം ഇന്നു മുതൽ ആരംഭിച്ചു
ആടുകളെയും ചെമ്മരിയാടുകളെയും മാരകമായി ബാധിക്കുന്ന വൈറസ് രോഗ ബാധയായ PPR അഥവാ ആടു വസന്ത എന്ന രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഒന്നാം ഘട്ടം ഇന്ന് ആരംഭിച്ചു . പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കുടപ്പനക്കുന്ന് കന്നുകാലി വളർത്തൽ ഫാമിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി നിർവഹിച്ചു.
നവംബർ 5 വരെ നടക്കുന്ന യജ്ഞത്തിലൂടെ 4 മാസത്തിനു മുകളിൽ പ്രായമുള്ള പതിമൂന്നര ലക്ഷത്തോളം ആടുകൾക്കും, 1500 ഓളം ചെമ്മരിയാടുകൾക്കും പ്രതിരോധ കുത്തിവയ്പ് നൽകാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരും ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കർഷകരുടെ വീടുകളിൽ എത്തി തികച്ചും സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും കുത്തിവയ്പ്പിന്റെ വിവരങ്ങൾ ദേശീയതലത്തിലുളള ''ഭാരത് പശുധൻ'' പോർട്ടലിൽ റിപ്പോർട്ട് ചെയ്യും. പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിനായി സംസ്ഥാനമൊട്ടാകെ 1819 സ്‌ക്വാഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നു ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്റ്റ് കോർഡിനേറ്റർ അറിയിച്ചു.
കന്നുകാലികളിലെ അതിമാരകമായിരുന്ന കാലിവസന്ത രോഗം 2006 ഓടെ രാജ്യത്തു നിന്നും തുടച്ച് നീക്കിയതുപോലെ ആടുകളിലെ ആടുവസന്ത രോഗവും 2030 ഓടു കൂടി നിർമ്മാർജ്ജനം ചെയ്യുവാനാണ് ഈ പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നത്.
Content summery : The first phase of vaccination against PPR , a viral disease that fatally affects goats and sheep, has started today under the leadership of the Animal Welfare Department.