വര്‍ണ്ണ വിസ്മയത്തില്‍ മലമ്പുഴ ഉദ്യാനം; മലമ്പുഴ പുഷ്‌പോത്സവം ഇന്ന് മുതല്‍
പൂക്കളുടെ അഴകും വര്‍ണ്ണ വൈവിധ്യങ്ങളും കൊണ്ട് സമ്പന്നമായ മലമ്പുഴ പുഷ്‌പോത്സവം ഇന്ന് (ജനുവരി 16) ആരംഭിക്കും.മലമ്പുഴ ഉദ്യാനത്തില്‍ ജലസേചന വകുപ്പും ഡി.ടി.പി.സിയും സംയുക്തമായാണ് പൂക്കളുടെ വിസ്മയ ലോകം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം ഇന്ന് (ജനുവരി 16) രാവിലെ 11 മണിക്ക് എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിക്കും.
ആഫ്രിക്കന്‍ ഫ്രഞ്ച്മേരി, ഗോള്‍ഡ് എന്നീ ഇനങ്ങളിലുള്ള വിവിധ ഇനം ചെണ്ടുമല്ലികള്‍ ഷോ യുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഓര്‍ക്കിഡ്, സൂര്യകാന്തി, കോസ്മോസ്, പെറ്റിയൂണിയ, മേരിഗോള്‍ഡ് തുടങ്ങി നിരവധി ഇനങ്ങളിലും നിറങ്ങളിലുമുള്ള പൂഷ്പങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്.
പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മൃഗങ്ങളുടേയും, പക്ഷികളുടേയും മാതൃകകള്‍ കൗതുകം ഉണര്‍ത്തുന്നതാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിരവധി സന്ദര്‍ശകര്‍ ഇത്തവണ പുഷ്‌പോത്സവം സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടു വരെ ആയിരിക്കും പ്രവേശനം.മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. മേളയോടനുബന്ധിച്ച് കലാ സാംസ്‌കാരിക പരിപാടികളും നടക്കും.ജനുവരി 22 ന് പുഷ്‌പോത്സവം സമാപിക്കും.
ചെടികള്‍ വാങ്ങാം
പുഷ്‌പോത്സവത്തില്‍ വിദേശികളും, സ്വദേശികളുമായ വൈവിധ്യമാര്‍ന്ന പൂക്കള്‍ കാണുക മാത്രമല്ല അവ വാങ്ങാനും സാധിക്കും. 12 നഴ്സറികളിലായി മിതമായ നിരക്കില്‍ ചെടികള്‍ ലഭിക്കും.
പാലക്കാടിന്റെ തനത് രുചി ആസ്വദിക്കാം
രുചിയുടെ പുത്തന്‍കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും പുഷ്‌പോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്രവിഭവങ്ങളും ഉള്‍പ്പെടുത്തി 19 വ്യത്യസ്ത ഫുഡ് സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.
പുഷ്‌പോത്സവം: ഗതാഗത ക്രമീകരണവും പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തി
മലമ്പുഴ പുഷ്‌പോത്സവവുമായി ബന്ധപ്പെട്ട് ഉദ്യാനത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്കായി ഇന്ന് (ജനുവരി 16)മുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഉദ്യാനത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ മലമ്പുഴ ഗവ. ഐ.ടി.ഐ ഗ്രൗണ്ടിലും, മലമ്പുഴ ഇറിഗേഷന്‍ ഗ്രൗണ്ടിലും, മലമ്പുഴ സ്‌കൂളിന് എതിര്‍വശത്തുള്ള ഗ്രൗണ്ടിലുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
ശേഷം വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഉദ്യാനത്തിലേക്ക് പോവണം. കഞ്ചിക്കോട് ഭാഗത്തു നിന്നും മലമ്പുഴയിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ റോക്ക് ഗാര്‍ഡന് സമീപമുള്ള നിര്‍മല മാതാ സ്‌കൂള്‍ ഗ്രൗണ്ടിലും മലമ്പുഴ പുതിയ ബസ്സ് സ്റ്റാന്റിലും വലിയ വാഹനങ്ങള്‍ റോഡിന്റെ ഇടതുവശം ചേര്‍ത്തും പാര്‍ക്ക് ചെയ്ത ശേഷം വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഉദ്യാനത്തിലേക്ക് പോവണമെന്ന് പൊലീസ് അറിയിച്ചു.
Content summery : The Malampuzha Flower Festival will begin today