സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്
സംസ്ഥാനത്തെ പശുക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ഇരുപത്തിയൊന്നാമത്തെ ലൈഫ് സ്റ്റോക്ക് സർവേയിൽ കണ്ടെത്തൽ. 13 ലക്ഷം പശുക്കൾ ഉണ്ടായിരുന്നത് 9 ലക്ഷമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ പശു വളർത്തൽ മെച്ചപ്പെടുത്താൻ ശാസ്ത്രീയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണ് ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കേരള.

കൂടിവരുന്ന പാൽ ഉൽപാദന ചെലവാണ് കൂടുതൽ കൂടുതൽ ക്ഷീരകർഷകരും ഈ മേഖല കൈയ്യൊഴിയാൻ കാരണമാകുന്നത് എന്ന് വെറ്റിനറി അസോസിയേഷൻ വിലയിരുത്തി. ഒരു ലിറ്റർ പാലിന് 56 രൂപ ഉൽപാദന ചെലവാണ് നിലവിലുള്ളത്. എന്നാൽ സൊസൈറ്റിയിൽ നിന്ന് കർഷകൻ ലഭിക്കുന്നത് ലിറ്ററിന് 46 രൂപ മാത്രമാണ്. അതുകൊണ്ടുതന്നെ ക്ഷീരകർഷകരുടെ ഉൽപാദന ചിലവ് കുറയ്ക്കുവാൻ വേണ്ടിയുള്ള മാർഗ്ഗങ്ങളും, നിർദ്ദേശങ്ങളും മൃഗസംരക്ഷണ മന്ത്രി ആസൂത്രണ ബോർഡ് അധ്യക്ഷൻ തുടങ്ങിയവർക്ക് സമർപ്പിക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. വി.കെ. പി മോഹൻ കുമാർ അറിയിച്ചു.