For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കൂൺ കൃഷിയും സംരംഭക സാധ്യതയും- പങ്കെടുത്തവരെല്ലാം ആവേശത്തിൽ,ശ്രദ്ധേയമായി കൂൺകൃഷി പരിശീലന പരിപാടി

12:33 PM Feb 23, 2025 IST | Agri TV Desk

കൂൺ കൃഷിയും സംരംഭക സാധ്യതയും- പങ്കെടുത്തവരെല്ലാം ആവേശത്തിൽ. ശ്രദ്ധേയമായി കൂൺകൃഷി പരിശീലന പരിപാടി. യുവജന സഹകരണ സംഘമായ ഈനാട് യുവജന സഹകരണ സംഘത്തിന്റെ പഠന ഗവേഷണ വിഭാഗമായ ഈനാട് സെൻട്രൽ ഫോർ റിസർച്ച് ആൻഡ് ലേണിങും അഗ്രി ടിവിയും സംയുക്തമായി സംഘടിപ്പിച്ച 'കൂൺ കൃഷിയും സംരംഭക സാധ്യതയും' എന്ന വിഷയത്തിലുള്ള ഏകദിന പ്രായോഗിക പരിശീലന പരിപാടി ഇന്ന് കോട്ടയം വെളിയന്നൂർ ഈനാട് ക്യാമ്പസിൽ വച്ച് നടന്നു.

Advertisement

കൂണിന്റെ കൃഷിരീതി, വിപണന സാധ്യതകൾ, കൂണിൽ നിന്നുള്ള മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം,കൂൺകൃഷി ചെയ്യാനുള്ള ലൈസൻസുകൾ,കൂൺ കൃഷിക്ക് ആവശ്യമായി വരുന്ന സാമ്പത്തിക സഹായങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്നിങ്ങനെ കൂൺ കൃഷിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലായിരുന്നു പരിശീലനം. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കൂൺ ബെഡുകൾ നിർമ്മിക്കാനുള്ള അവസരം കൂടി ഒരുക്കിയതിനാൽ എല്ലാവരും ആവേശഭരിതരായാണ് പരിപാടിയിൽ പങ്കെടുത്തത്.

Advertisement

പരിശീലന പരിപാടിയെ പറ്റി മികച്ച അഭിപ്രായങ്ങളാണ് എല്ലാവരിൽ നിന്നും ഉണ്ടായത്. വളരെ ചുരുങ്ങിയ സമയം കൂൺ കൃഷിയുടെ എല്ലാ മേഖലകളെ പറ്റി പ്രതിപാദിക്കുകയും, ഒപ്പം പ്രായോഗിക പരിശീലനം കൂടി ഉൾപ്പെടുത്തുകയും ചെയ്തതിനാൽ ക്ലാസ്സ് വളരെയധികം പ്രയോജനകരമായെന്ന് പരിശീലനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഈനാട് യുവജന സഹകരണ സംഘത്തിന്റെ സെക്രട്ടറി ശ്രീ.റിജോ എബ്രഹാം, മാർക്കറ്റിംഗ് ഹെഡ് ശ്രീ.രഞ്ജിത്ത് എ. ആർ, പബ്ലിക് റിലേഷൻഷിപ്പ് ഓഫീസർ ശ്രീമതി.ശ്രീതു എം എന്നിവർ പങ്കെടുത്തു. ഈനാട് സെൻട്രൽ ഫോർ റിസർച്ച് ആൻഡ് ലേണിംഗ് അക്കാദമിക് കോഡിനേറ്റർ ശ്രീ.വിലാസ് താന്നിക്കലാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.

പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മഷ്റൂം കിറ്റുകൾ വിതരണം ചെയ്തു.കൂൺ കൃഷിയുടെ പരിശീലനത്തിന് പങ്കെടുക്കുവാൻ മറ്റു ജില്ലകളിൽ നിന്ന് നിരവധി പേരാണ് താല്പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ സീറ്റുകൾ പരിമിതമായതിനാൽ ഇന്നത്തെ പരിശീലനത്തിൽ 60 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ സാധിച്ചത്. അതുകൊണ്ടുതന്നെ തുടർ പരിശീലന പരിപാടികൾ മറ്റു ജില്ലകളിൽ കൂടി സംഘടിപ്പിക്കുമെന്ന് ഈനാട് യുവജന സഹകരണ സംഘത്തിന്റെ അധികൃതർ അറിയിച്ചിട്ടുണ്ട്. പരിശീലന പരിപാടിയുടെ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കും. താല്പര്യമുള്ളവർക്ക് ഓൺലൈൻ ക്ലാസുകൾ വഴിയും പരിപാടിയുടെ ഭാഗമാകാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

കൃഷിയെയും കൃഷി അനുബന്ധ മേഖലകളെയും പ്രോത്സാഹിപ്പിക്കുകയും, ഒപ്പം കൃഷി അറിവുകളും വാർത്തകളും എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ചുവർഷം മുൻപ് ഡിജിറ്റൽ മാധ്യമമായ അഗ്രി ടിവി പ്രവർത്തനമാരംഭിച്ചത്. ശാസ്ത്രീയമായ കൃഷിരീതികളും, കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുകയുമെന്ന അഗ്രി ടീവിയുടെ ഉദ്യമത്തിന്റെ ഭാഗമായാണ് ഈ പരിശീലന പരിപാടിയിൽ അഗ്രി ടീവിയും പങ്കാളികളായത്.

Content summery : A one-day practical training program on the topic of 'Mushroom Cultivation and Entrepreneurship Potential', jointly organized by the E-nadu Youth Cooperative Society and Agri TV

Tags :
Advertisement