ഉങ്ങ്
പയറു വർഗ്ഗത്തിൽ പെടുന്ന സസ്യമാണ് ഉങ്ങ്. ഇവയ്ക്ക് പൊങ്ങ്, പുങ്ക്, പുങ്ങ്, എന്നൊക്കെയും പേരുകളുണ്ട്. ഫാബേസിയെ സസ്യകുടുംബത്തിലെ അംഗമാണ്.പൊങ്കാമിയ പിന്നേറ്റ എന്നാണ് ശാസ്ത്രനാമം. ഏഷ്യയും ഓസ്ട്രേലിയയുമാണ് ജന്മദേശങ്ങൾ.
നിറയെ ചില്ലകളോടെ പന്തലിച്ചു വളരുന്ന മരമാണ് ഉങ്ങ്. ഒരു തണൽ വൃക്ഷമാണിവ. 15 മുതൽ 25 മീറ്റർ വരെ ഉയരം വയ്ക്കും ഇവയ്ക്ക്. ഒരു ഞെട്ടിൽ നിന്ന് തന്നെ ധാരാളം ഇലകൾ ഉണ്ടാകും ഇവയ്ക്ക്. ഇല ഞെട്ടിലാണ് പൂക്കൾ കാണുക. വെളുത്ത നിറമുള്ള പൂക്കളാണ്. ഏപ്രിൽ-ഡിസംബർ മാസങ്ങളിലാണ് പൂവിടുന്നത്. എണ്ണമയമുള്ള വിത്തുകളാണിവയ്ക്ക്. ഇലപൊഴിയും മരമാണ് ഉങ്ങ്. വേനൽക്കാലത്ത് ഇലകൾ ഉണ്ടാകുകയും മഴക്കാലത്ത് ഇല പൊഴിയുകയും ചെയ്യും.
ഔഷധഗുണങ്ങൾ ഒത്തിരിയേറെയുണ്ട് ഉങ്ങിന്. ഇവയുടെ ഇല, തൊലി, കുരു, എണ്ണ, വേര്, എന്നിവയെല്ലാം ഔഷധയോഗ്യമാണ്. ആയുർവേദത്തിൽ വളരെയധികം പ്രാധാന്യമുണ്ട് ഉങ്ങിന്. ചർമരോഗങ്ങൾക്കും, രക്തശുദ്ധിക്കും, അർശസ്, വ്രണങ്ങൾ, എന്നിവയ്ക്കുമെല്ലാം പരിഹാരമായി ഉങ്ങ് ഉപയോഗിക്കുന്നു.
ഉങ്ങിന്റെ വിത്തിലെ എണ്ണയിൽ നിന്ന് ബയോഡീസൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. വിളക്കുകളിൽ ഇന്ധനമായും വിത്തിൽ നിന്നുമുള്ള എണ്ണ ഉപയോഗിക്കുന്നു. സോപ്പ് നിർമ്മാണത്തിലും ഇവ ഉപയോഗിക്കാറുണ്ട്.