വേപ്പിൻ പിണ്ണാക്കിന്റെ ഗുണങ്ങളറിയാം.
ഉത്തമ ജൈവവളമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് വേപ്പിൻപിണ്ണാക്ക്. വളമെന്നതുപോലെതന്നെ കീടനാശിനിയായും വേപ്പിൻ പിണ്ണാക്ക് പ്രവർത്തിക്കും. വേപ്പിൻകുരുവിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന വേപ്പിൻപിണ്ണാക്കിൽ ചെടികളുടെ വളർച്ചയ്ക്കാവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. രണ്ടു മുതൽ അഞ്ച് ശതമാനം വരെയാണ് നൈട്രജന്റെ അളവ്. ഒരു ശതമാനത്തോളം ഫോസ്ഫറസും രണ്ട് ശതമാനത്തോളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം കാൽസ്യം, മഗ്നീഷ്യം, സൾഫർ, സിങ്ക്, കോപ്പർ, അയൺ, മാംഗനീസ് എന്നിവയും വേപ്പിൻ പിണ്ണാക്കിലുണ്ട്.
മണ്ണിൽ ലയിച്ചു ചേർന്ന നൈട്രജൻ, ബാക്ടീരിയകൾ അന്തരീക്ഷ നൈട്രജനാക്കിമാറ്റി നഷ്ടപ്പെടുത്തുന്നത് തടയാൻ വേപ്പിൻപിണ്ണാക്കിലടങ്ങിയിട്ടുള്ള ഘടകങ്ങൾക്ക് സാധിക്കും. തന്മൂലം സസ്യങ്ങൾക്ക് കൂടുതൽ നൈട്രജൻ ലഭ്യമാവുകയും ചെയ്യും. വേരുകളെ ആക്രമിക്കുന്ന നിമാവിരകൾ മണ്ണിൽ കാണപ്പെടുന്ന കീടങ്ങൾ എന്നിവയെ നശിപ്പിക്കാൻ വേപ്പിൻ പിണ്ണാക്കിന് കഴിയും. മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കുകയും ജലം ശേഖരിച്ചു വയ്ക്കാനുള്ള കഴിവ് കൂട്ടുകയും വായുസഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യും. ഇതിലടങ്ങിയിട്ടുള്ള അസാഡിറാക്ടിൻ, നിമ്പിൻ എന്നിങ്ങനെയുള്ള ഘടകങ്ങൾ കീടങ്ങളെ അകറ്റിനിർത്താൻ സഹായിക്കും.