അലങ്കാര മത്സ്യങ്ങളിലെ വെൽവെറ്റ് രോഗം അകറ്റാം, ചെയ്യേണ്ട കാര്യങ്ങൾ
അലങ്കാര മത്സ്യങ്ങളിൽ വെൽവെറ്റ് രോഗം പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.പീസിനോഡിനിയം എസ് പി എന്ന പരാദമാണ് രോഗകാരണം. പുതിയതായി വാങ്ങുന്ന മത്സ്യങ്ങളെയോ ചെടികളെയോ പ്രത്യേക ടാങ്കുകളിൽ ഇട്ട് രോഗവാഹികളെല്ലെന്ന് ഉറപ്പാക്കാതെ അക്വേറിയത്തിലേക്ക് ഇടുമ്പോഴാണ് അക്വേറിയത്തിൽ രോഗകാരണമായ പരാദങ്ങൾ ഉണ്ടാകുന്നത്. അക്വേറിയത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കുകൾ യഥാസമയം വൃത്തിയാക്കാതിരുന്നാലും പരാദ ബാധ ഉണ്ടാകും രോഗം വളരെ വേഗം പടർന്നു പിടിക്കും. വെൽവെറ്റ് രോഗം അകറ്റാൻ നിരവധി ചികിത്സാരീതികൾ ഉണ്ട്. അതിൽ ഏറ്റവും ഫലപ്രദം ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചുള്ള ചികിത്സയാണ്.
അസുഖമുള്ള മത്സ്യങ്ങളെ ജലം നിറച്ച മറ്റൊരു ഗ്ലാസ് ടാങ്കിലേക്ക് മാറ്റുകയാണ് ആദ്യപടി. ടാങ്കുകൾക്ക് അടിയിൽ മണലോ മറ്റു സാധനങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക. പിന്നീട് ഈ ടാങ്കിൽ എയറേഷൻ കൊടുക്കുക. വിപണിയിൽ ലഭിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് വാങ്ങി 50 പിപിഎം എന്ന തോതിൽ ടാങ്കിൽ ഒഴിക്കണം. 24 മണിക്കൂറിനു ശേഷം പരിശോധിക്കുമ്പോൾ തരിതരിപ്പോലെ മത്സ്യങ്ങളുടെ ഉപരിതലത്തിൽ കണ്ട വെളുത്ത പൊടി പോയതായി കാണാം. മുഴുവനായും പോയിട്ടില്ലെങ്കിൽ 40 പിപിഎം അളവിൽ 24 മണിക്കൂർ കൂടി ഇത്തരത്തിൽ ചികിത്സിക്കണം ഹൈഡ്രജൻ പെറോക്സൈഡ് ജലത്തിൽ എത്തിയാൽ വെൽവെറ്റ് രോഗകാരികളായ പരാദങ്ങളെയും മറ്റു കൊല്ലുകയും ജലം അണുവിമുക്തമാക്കുകയും ചെയ്യും.