മധുരം പകരുന്ന 'അമ്മച്ചിപ്ലാവുകൾ'; ആരോഗ്യത്തിനും വരുമാനത്തിനും ഗുണം ചെയ്യുന്ന ചക്ക; ഇന്ന് "ലോക ചക്കദിനം"
കേരളത്തിൻ്റെ ഔദ്യോഗിക ഫലമാണ് ചക്ക. വിഷാംശം ഇല്ലാത്ത ഭക്ഷ്യവസ്തുവുണ്ടെങ്കിൽ അത് ചക്ക മാത്രമാണുള്ളതെന്നാണ് പറയാറ്. മലയാളി ഏറെ അവജ്ഞയോടെ കാണുന്ന ഈ ചക്കയ്ക്കുമുണ്ട് ഒരു ദിനം- ജൂലൈ നാല്.
ആര്‍ട്ടോകാര്‍പ്പസ് ഹെറ്ററോഫില്ലസ് എന്നാണ് നമ്മൾ ചക്ക എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഫലത്തിൻ്റെ ശാസ്ത്രീയ നാമം. പഴങ്ങളില്‍ വച്ചേറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ചക്കയില്‍ ജീവകങ്ങളും കാല്‍സ്യം, അയണ്‍, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്.
മരത്തിലുണ്ടാകുന്ന ഏറ്റവും വലിപ്പമേറിയ ഫലമായ 35 കിലോ വരെ എത്തും സാധാരണ ഭാരം. ഏകദേശം 30 കോടി മുതല്‍ 60 കോടി ചക്ക വരെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ചക്കയുടെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. ചക്കമടല്‍, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങള്‍ ഉണ്ടാക്കാം.
ചക്ക ഇന്ന് പഴയ ചക്കയല്ല. ലോക ഭക്ഷ്യ വിപണിയിൽ അതിന്റെ സാന്നിധ്യം നാൾക്കുനാൾ കൂടിവരുന്നു. ബേബി ഫുഡ് മുതൽ സൂപ്പർ ഫുഡ് വരെ. ചക്കപ്പൊടിയും ചക്ക വറുത്തതും ചക്കപ്പായസവും ചക്ക ബിരിയാണിയും വരെ. ഫൈവ് സ്റ്റാർ പദവിയിലേയ്ക്കാണ് ചക്ക കുതിക്കുന്നത്. പ്രമേഹത്തിൻ്റെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ ചക്ക ഉത്തമമാണെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയതോടെയാണ് വിദേശത്തും സ്വദേശത്തും ചക്കയുടെ പെരുമയും പ്രാധാന്യവും അറിഞ്ഞു തുടങ്ങിയത്.
വൈവിധ്യങ്ങളുടെ ഫലമാണ് ചക്ക. ഒരു പ്ലാവിൽ തന്നെ പല രുചി നൽകുന്ന ചക്ക. രുദ്രാക്ഷ വരിക്ക, തേൻ വരിക്ക, മുറ്റം വരിക്ക, ചെമ്പരത്തി വരിക്ക, പാലൂർ, പേച്ചിപ്പാറ എന്നിങ്ങനെ എണ്ണമാറ്റ നാടൻ ഇനങ്ങൾ. സിലോൺ വരിക്ക, വിയറ്റ്നാം സൂപ്പർ ഏർലി, ഡാങ് സൂര്യ തുടങ്ങിയ വിദേശികൾ, സിദ്ദു, ശങ്കര, ഗംലെസ് ഉൾപ്പെടെയുള്ള നഴ്സറി ഇനങ്ങൾ. എണ്ണമറ്റ വൈവിധ്യമാണ് ചക്ക നൽകുന്നത്. ചക്കയുടെ ഗുണമറിഞ്ഞ് പാഴാക്കാതെ ഇന്ന് തന്നെ കഴിച്ച് തുടങ്ങൂ..
world jackfruit day