മുളക് നെല്ലി വളർത്താം...പരിപാലിക്കാം...
ഉണ്ടമുളക് പോലൊരു പഴം... അതാണ് മുളക് നെല്ലി. മുളക് നെല്ലി എന്ന പേരിന് കാരണവും അതു തന്നെയാണ്. ഗോൾഡൻ ചെറി എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. അധികമാർക്കും പരിചിതമല്ലാത്തൊരു മുഖമാണ് മുളക് നെല്ലിയുടേത്. ചുവന്ന നിറത്തിലുള്ള പഴങ്ങൾ. മൂക്കാത്ത കായ്കൾക്ക് പച്ച നിറമാണ്. പിന്നീടത് മഞ്ഞ നിറത്തിലേക്ക് മാറും. പഴുത്തു കഴിയുമ്പോൾ നല്ല ചുവന്ന നിറവും.
ചെറിയൊരു മരമാണ് മുളക് നെല്ലി. കടും പച്ച നിറമുള്ള ഇലകൾ. തിങ്ങി നിറഞ്ഞ പച്ചപ്പിനുള്ളിൽ പഴങ്ങൾ ഉണ്ടായി നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്. മൂക്കാത്ത കായ്കൾക്ക് കയ്പ്പു കലർന്ന പുളിരസമാണ്. പഴുത്ത കായ്കൾക്ക് അടിപൊളി രുചിയാണ്.
വിത്തു പാകിയാണ് പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നത്. തൈകൾ നട്ട് രണ്ടു വർഷത്തിനുള്ളിൽ വിളവെടുക്കാം. നല്ലതുപോലെ സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണ് മുളക് നെല്ലി. സൂര്യപ്രകാശം ലഭിച്ചില്ലായെങ്കിൽ കായ് ഫലം വളരെ കുറവായിരിക്കും. ചാണകമാണ് ഇവയ്ക്ക് ഏറ്റവും അനുയോജ്യമായ വളം. മാസത്തിൽ ഒരു പ്രാവശ്യം വളം ചെയ്യണം.
മുളക് നെല്ലി അച്ചാർ ഇടാവുന്നതാണ്. ഉപ്പിലിട്ടാലും നല്ല രുചിയാണ്. കറികളിലും ചേർക്കാം.