For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കടുംമഞ്ഞ നിറത്തിലെ സുന്ദരി പഴം : അബിയു

02:55 PM Oct 12, 2021 IST | Agri TV Desk

അബിയു എന്ന പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? വര്‍ഷം മുഴുവന്‍ പഴങ്ങള്‍ തരുന്ന ഒരു പഴവര്‍ഗമാണ് അബിയു. ആമസോണ്‍ വനാന്തരങ്ങളില്‍ നിന്നാണ് ഇവയുടെ വരവ്. പ്യൂട്ടേറിയ കെയ്മിറ്റോ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന അബിയു കൊളംബിയ, പെറു, ബ്രസീല്‍, വെനിസ്വേല എന്നീ രാജ്യങ്ങളിലും സുലഭമായി കാണപ്പെടുന്നു.സപോട്ടയുടെ കുടുംബത്തില്‍പ്പെട്ടാണ് അബിയു. കടുംമഞ്ഞ നിറത്തില്‍ ഗോളാകൃതിയിലുള്ളതാണ് ഇതിന്റെ പഴം. ഗാര്‍ഡനുകളില്‍ നല്ലൊരു അലങ്കാര വൃക്ഷമായും വളര്‍ത്താന്‍ പറ്റിയ നല്ലൊരു ഫലവൃക്ഷമാണ് അബിയു.

Advertisement

അബിയു ചെടികളുടെ തൈ ആണ് നടേണ്ടത്. നട്ട് രണ്ട് വര്‍ഷത്തിനകം പുഷ്പിക്കും. വര്‍ഷത്തിലുടനീളം പഴങ്ങള്‍ നല്‍കുകയും ചെയ്യും. 600 ഗ്രാം വരെ തൂക്കമുണ്ടാകാറുണ്ട് അബിയു പഴങ്ങള്‍ക്ക്. പോഷകങ്ങളുടെ കലവറ കൂടിയാണ് ഇവ. ധാരാളം ജലം ആവശ്യമുള്ള ഒരു ഫലവൃക്ഷമാണ് അബിയു. പ്രധാനവിളകളുടെ ചെറിയ രീതിയിലുള്ള തണലില്‍ അബിയു നന്നായി വളരുന്നതിനാല്‍ തെങ്ങിന്‍തോപ്പിലും അബിയു നടാവുന്നതാണ്.

Advertisement

കായ്കള്‍ പാകമാകാന്‍ ഏകദേശം നാല് മാസമെടുക്കും. പുറംതോട് നല്ല മഞ്ഞനിറമാകുമ്പോള്‍ വിളവെടുക്കാം.നല്ല മധുരമുള്ള ഉള്‍ക്കാമ്പാണ്. വെള്ള നിറത്തില്‍ ജലാംശമുള്ളതുമാണ് ഇതിന്റെ ഉള്‍ക്കാമ്പ്. കറുപ്പ് നിറത്തില്‍ ഒന്നോ രണ്ടോ വിത്തുകള്‍ ഉണ്ടാകാം. മറ്റു ഫലവൃക്ഷങ്ങള്‍ നടുന്ന രീതി തന്നെ അബിയുവിനും അനുവര്‍ത്തിക്കാവുന്നതാണ്. കുഴികളില്‍ കമ്പോസ്റ്റോ കാലിവളമോ മേല്‍മണ്ണുമായി കൂട്ടിക്കലര്‍ത്തി, നിറച്ച്, കൂനകൂട്ടി തൈകള്‍ വയ്ക്കുന്ന രീതിയാണ് നല്ലത്. തറനിരപ്പില്‍ നിന്നും തായ്തണ്ട് മാത്രമേ നിലനിര്‍ത്താവൂ. ഒരു മീറ്റര്‍ വരെ ശാഖകള്‍ അനുവദിക്കരുത്. അതിനുശേഷം ശാഖകള്‍ അനുവദിച്ച്, മരങ്ങളെ ഒരു കുടപോലെ രൂപപ്പെടുത്തിയാല്‍ വളരെ ഉയരത്തില്‍ വളരാതെ ചെടികള്‍ സ്വാഭാവികമായി പൊക്കം കുറഞ്ഞ് വളര്‍ന്നു കൊള്ളും.മണ്ണില്‍ നല്ല ജൈവാംശം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്.

Tags :
Advertisement