ചെടികളെയും പൂക്കളെയും കൃഷിയെയും ചേര്‍ത്തു പിടിച്ചു ജീവിത പ്രതിസന്ധികളെ അതിജീവിക്കുകയാണ് ഈ വീട്ടമ്മ
എറണാകുളം പടമുകള്‍ സ്വദേശി അംബിക മോഹന്‍ദാസിന് കൃഷി ഒരു ആവേശമാണ്. ചെടികളോട് എന്നും ഇഷ്ടമുണ്ടായിരുന്നെങ്കിലും ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഭര്‍ത്താവിനൊപ്പമാണ് പച്ചക്കറി കൃഷിയുടേയും ചെടികളുടേയും വിശാല ലോകത്തേക്ക് കടന്നത്. പിന്നീട് എപ്പോഴും കൂട്ടായി നിന്ന ഭര്‍ത്താവിന്റെ വിയോഗമുണ്ടാക്കിയ പ്രതിസന്ധി കാലഘട്ടത്തില്‍ നിന്ന് അവര്‍ കരകയറിയതും ഈ ചെടികളേയും പൂക്കളേയും ചേര്‍ത്തുപിടിച്ചാണ്.
വീടിന്റെ ചുറ്റിലും മൂന്നാംനിലയിലുമെല്ലാം ചെടികള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്, ഒരു നിമിഷം പോലും വെറുതെ കളയാന്‍ ഇഷ്ടപ്പെടാത്ത ഈ അമ്മ. ഒപ്പം തൈകള്‍ ഉല്‍പാദിപ്പിച്ച് കൃഷി ഭവനിലേക്ക് വില്‍പ്പനയ്ക്കായും നല്‍കി വരുന്നു
ചെടികളുടെ പരിചരണത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. പരിചരണത്തിലും വളപ്രയോഗത്തിലും പുതിയ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നത് ഒരു ആവേശമാണ്. കൃഷി ഭവന്റെ ക്ലാസുകളിലും മറ്റും പങ്കെടുത്ത് പുത്തന്‍ അറിവുകള്‍ നേടിയെടുക്കും. ലാഭമാണോ നഷ്ടമാണോ എന്നൊന്നും നോക്കാതെ കൃഷിയോടുള്ള ഇഷ്ടം കൊണ്ട് മാത്രം അതില്‍ തുടരുകയാണ് ഇവര്‍.