വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ
കുറഞ്ഞ പരിപാലനം കൊണ്ട് കൂടുതൽ വിളവ് ലഭ്യമാകുന്ന വിളയാണ് വഴുതന. പച്ച വെള്ള, നീല തുടങ്ങി നിറഭേദങ്ങളിൽ നമ്മുടെ അടുക്കളത്തോട്ടത്തിൽ സ്ഥിര സാന്നിധ്യമാണ് ഈ വിള. ഓഗസ്റ്റ് മാസം വഴുതന കൃഷി ചെയ്യുവാൻ ഏറെ അനുയോജ്യമാണ്. വഴുതന കൃഷി ആരംഭിക്കുന്നതിനു മുൻപ് രോഗപ്രതിരോധശേഷി കൂടിയതും, മികച്ച വിളവ് ലഭ്യമാക്കുന്നതും ആയ ഇനങ്ങൾ അറിഞ്ഞിരിക്കണം. ബാക്ടീരിയൽ വാട്ട രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള സൂര്യ ഇനമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്. കൂടാതെ മികച്ച വിളവ് ലഭ്യമാകുന്ന പച്ചനിറത്തിലുള്ള കായ്കൾ ഉണ്ടാകുന്ന ഹരിത, വയലറ്റ് നിറത്തിലുള്ള കായ്കൾ ഉണ്ടാകുന്ന നീലിമ, നീളത്തിൽ കായ്കൾ ഉണ്ടാകുന്ന പൊന്നി തുടങ്ങി ഇനങ്ങൾ കൃഷി ചെയ്യുവാൻ ഉത്തമമാണ്.
വഴുതന കൃഷിയിലെ വള പ്രയോഗങ്ങളും കീടനിയന്ത്രണ മാർഗ്ഗങ്ങളും
നല്ല വളക്കൂറും നീർവാർച്ചയുമുള്ള മണ്ണാണ് വഴുതന കൃഷിക്ക് ഏറ്റവും മികച്ചത്. കൃഷി ആരംഭിക്കുന്നതിന് മുൻപ് മണ്ണിന്റെ അമ്ലത്വം പരിശോധിച്ച് കുമ്മായം ഇട്ടു നൽകണം. തവാരണകളിലും പ്രോട്രേകളിലും വിത്ത് പാകി തൈകൾ പറിച്ചുനട്ട് കൃഷി ആരംഭിക്കാം. തവാരണകൾ തയ്യാറാക്കുമ്പോൾ രണ്ടര അടി വീതിയും 15 അടി നീളവും ഒരു അടി ഉയരവും ഉണ്ടാകണം. അതിനുശേഷം 50 കിലോഗ്രാം ചാണകപ്പൊടി, മണ്ണ്, മണൽ തുടങ്ങിയവ ഒരേ അനുപാതത്തിൽ ചേർത്ത് മേൽമണ്ണുമായി ഇളക്കണം. വിത്ത് പാകുന്നതിന് മുൻപ് പോളിത്തീൻ ഷീറ്റ് കൊണ്ട് മണ്ണ് മൂടി സൂര്യതാപീകരണം നടത്തുന്നത് ചെടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. മണ്ണിലെ രോഗാണുക്കളെ നശിപ്പിക്കുവാൻ വേണ്ടിയാണ് സൂര്യതാപീകരണം നടത്തുന്നത്. സൂര്യ താപീകരണം നടത്തിയതിനുശേഷം മണ്ണിൽ നിന്ന് പോളിത്തീൻ ഷീറ്റുകൾ മാറ്റി 5 സെൻറീമീറ്റർ അകലത്തിൽ ചാലുകൾ എടുത്തു മണ്ണുകൊണ്ട് മൂടണം. വിത്ത് പാകുന്നതിന് മുൻപ് സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ലായനി തയ്യാറാക്കി വിത്തുകൾ അതിൽ മുക്കി വയ്ക്കുന്നത് നല്ലതാണ്. വിത്ത് പാകി 35 ദിവസം കഴിയുമ്പോൾ കരുത്തുറ്റ തൈകൾ പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചുനടാം. പ്രധാന കൃഷിയിടത്തിൽ ഒരു മീറ്റർ അകലത്തിൽ വാരങ്ങൾ എടുത്തു തൈകൾ പറിച്ചു നടാം. തൈകൾ പറിച്ചു നടുന്നതിന് മുൻപും സ്യുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ലായനി തയ്യാറാക്കി 5 മിനിറ്റ് നേരം വേര് മുക്കി വച്ചതിനുശേഷം നടന്നത് കീടരോഗ സാധ്യതകളെ ഇല്ലായ്മ ചെയ്യും.
തൈകൾ നടുന്നതിന് രണ്ടാഴ്ച മുൻപ് ഒരു സെന്റിന് രണ്ട് കിലോ എന്ന തോതിൽ കുമ്മായം ചേർത്ത് മണ്ണിൽ അമ്ലത്വക്രമീകരണം നടത്തണം. ഒരു സെന്റിൽ വഴുതന കൃഷി ചെയ്യുവാൻ ഏകദേശം 100 കിലോഗ്രാം ജൈവവളമാണ് വേണ്ടത്. വഴുതന കൃഷിയിൽ അടിവളമായി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച കാലിവളം നൽകുന്നത് നല്ലതാണ്. അല്ലെങ്കിൽ 20 കിലോ കോഴിവളമൊ വെർമി കമ്പോസ്റ്റ് നൽകാം. തൈകൾ പറിച്ചു നട്ടതിനു ശേഷം 10 ദിവസം ഇടവിട്ട് മേൽ വളം നൽകുന്നത് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്താൻ മികച്ചതാണ്. കൂടാതെ നല്ല വലിപ്പമുള്ള കായ്കൾ ലഭ്യമാക്കുവാൻ ഒരു കിലോഗ്രാം 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച പച്ച ചാണക ലായനിയോ ബയോഗ്യാസ് സ്ലറിയോ മേൽവളമായി നൽകാം. വിളവെടുപ്പിനുശേഷം പ്രൂണിങ് നടത്തി മണ്ണിൽ ജൈവവളം ചേർത്ത് നൽകുന്നത് അടുത്ത തവണ വിളവെടുക്കുമ്പോൾ നല്ല വലിപ്പമുള്ള കായ്കൾ ലഭ്യമാക്കുവാൻ സഹായിക്കും.
ധാരാളം കീടങ്ങൾ വഴുതന കൃഷിയിൽ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ രണ്ടാഴ്ചയിലൊരിക്കൽ 5 ശതമാനം വീര്യമുള്ള വേപ്പിൻകുരു സത്ത്, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, കിരിയാത്ത് സോപ്പ് മിശ്രിതം തുടങ്ങിയവ മാറിമാറി തളിക്കണം. രോഗം ബാധിച്ച ചെടികൾ കണ്ടാൽ പൂർണ്ണമായും നശിപ്പിച്ചു കളയുക. തൈകൾ നടുന്നതിന് രണ്ടാഴ്ച മുൻപ് ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം കൊണ്ട് തടങ്ങൾ നനച്ചു കൊടുക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ കോപ്പർ ഓക്സി ക്ലോറൈഡ് 50 WP, 3 ഗ്രാം ഒരു ലിറ്റർ തെളിഞ്ഞ ചാണക ലായനിയിൽ കലക്കി ഒഴിക്കുന്നതും കീടരോഗ സാധ്യതകൾ ഇല്ലാതാക്കാൻ ഗുണം ചെയ്യും. ആഴ്ചയിൽ ഒരു തവണ എന്ന രീതിയിൽ സ്യൂഡോമോണസ് ലായനി ചെടികൾക്ക് തളിച്ചു കൊടുക്കുന്നതും, ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്.