'ബുദ്ധന്റെ കൈ' നാരങ്ങ കണ്ടിട്ടുണ്ടോ?
പേരില്‍ തന്നെ വ്യത്യസ്തമായ ഒരു നാരങ്ങ. ബുദ്ധന്റെ കൈ നാരങ്ങ(Buddha's hand citron). നമ്മുടെ സാധാരണ നാരങ്ങയെ പോലെ വട്ടത്തിലുള്ളതല്ല ഈ നാരങ്ങ. കൈവിരലിന്റെ രൂപമാണ് ഈ നാരങ്ങയ്ക്ക്. അതു തന്നെയാണ് ഇതിന് ഇങ്ങനൊരു പേര് വന്നത്. വടക്ക് കിഴക്കന്‍ ഇന്ത്യയും ചൈനയുമാണ് 'ബുദ്ധന്റ കൈ നാരങ്ങ'യുടെ സ്വദേശം. സിട്രസ് കുടുംബത്തിലെ അംഗമായ ഈ പഴം 'ബുദ്ധന്റെ വിരല്‍' (Buddha's Finger) എന്ന പേരിലും അറിയപ്പെടുന്നു.
നിത്യഹരിതമായ മരമാണിത്. 3 മുതല്‍ 5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, മുള്ളുള്ള കുറ്റിച്ചെടി പോലെയാണ്. സുഗന്ധമുള്ള പൂക്കളും കട്ടിയുള്ള തൊലിയോടെയുള്ള നാരങ്ങയുമാണിതിന്. വിത്തുപയോഗിച്ചോ കട്ടിംഗിലൂടെയോ മരം വളര്‍ത്തിയെടുക്കാവുന്നതാണ്. നഴ്‌സറിയില്‍ നിന്ന് തൈ വാങ്ങുന്നതാണ് കൂടുതല്‍ നല്ലത്. ചെടി നടുന്ന ഘട്ടം വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട കാര്യമാണ്. കാരണം ഇതായിരിക്കും ചെടിയുടെ വളര്‍ച്ചയിലും നാരങ്ങയുടെ വിളവിലും നിര്‍ണായകമാവുക. തണുപ്പുള്ള സ്ഥലങ്ങളിലാണ് ഈ നാരങ്ങ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നതങ്കില്‍ വസന്തകാലത്തിന്റെ ആരംഭത്തില്‍ നടുക.
ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വേനല്‍ക്കാലം ഒഴികെ ഏത് സീസണിലും നടീല്‍ നടത്താം. വേനല്‍ക്കാലം അവസാനിച്ചതിന് ശേഷം നടുന്നതിന് ഏറ്റവും നല്ല സമയമാണ്.
നീര്‍വാര്‍ച്ചയും സമൃദ്ധമായ അസിഡിക് മണ്ണുമാണ് ഈ നാരങ്ങയുടെ വളര്‍ച്ചയ്ക്ക് ആവശ്യം. പരിപാലിക്കാന്‍ എളുപ്പമുള്ള ചെടിയാണിത്. നടീല്‍ കൃത്യവും, കാലാവസ്ഥ അനുയോജ്യവുമാണെങ്കില്‍ സമൃദ്ധമായി പഴങ്ങളും സുഗന്ധമുള്ള പൂക്കളും ബുദ്ധന്റെ കൈ നാരങ്ങയില്‍ നിന്ന് ലഭിക്കും. നന എപ്പോഴും നല്‍കേണ്ട ആവശ്യമില്ല. ചൂടുള്ള കാലവസ്ഥയില്‍ മണ്ണ് വരണ്ട് പോകാതെ നോക്കിയാല്‍ മതി. നന കൂടാതിരിക്കാനും ശ്രദ്ധിക്കണം. നാരങ്ങയ്ക്ക് സാധാരണ നല്‍കുന്ന വളങ്ങള്‍ തന്നെ ഇതിനും നല്‍കിയാല്‍ മതിയാകും.
ബുദ്ധന്റെ കൈ നാരങ്ങ വീടിനകത്ത് വളര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ളതല്ല. ചെടിചട്ടികളില്‍ ഇത് വളര്‍്താം.