ജോലികഴിഞ്ഞെത്തി രാത്രി ടോര്‍ച്ചും എമര്‍ജന്‍സിയുമായി കൃഷിചെയ്യാനിറങ്ങുന്ന ഒരു കുടുംബത്തെ പരിചയപ്പെടാം
രാപകലില്ലാതെ അധ്വാനം എന്ന് നമ്മള്‍ പറയാറില്ലേ...അത് ശരിക്കും അര്‍ത്ഥവത്താകുന്നത് ഇവിടെയാണ്. രാത്രി വൈകിയും ചീരക്കൃഷി തോട്ടത്തിലാണ് ആലപ്പുഴ ചേര്‍ത്തല തയ്ക്കലെ ചിത്രാംഗദനും കുടുംബവും. ഹെഡ്ലൈറ്റും എമര്‍ജന്‍സി ലാംപും വച്ച്
രാത്രി കൃഷി ചെയ്യുന്നതിന് പിന്നില്‍ എന്താണെന്നല്ലേ...മറ്റൊന്നുമല്ല, ഡ്രൈവറായ ചിത്രാംഗദന്‍ പകല്‍സമയം ആ ജോലി ചെയ്യും. ഭാര്യ വിജി വീട്ടുജോലികളുടേയും മറ്റും തിരക്കിലാകും. മകള്‍ സ്‌കൂളിലും. ഈ തിരക്കെല്ലാം കഴിഞ്ഞുള്ള സന്ധ്യാ സമയം വിശ്രമത്തിനായി മാറ്റിവയ്ക്കാതെ ഇവര്‍ ചീരക്കൃഷി തോട്ടത്തിലേക്കിറങ്ങും. പിന്നെ തിരിച്ചുകേറുന്നത് രാത്രി പത്ത് മണിയോടെ. ഇരുപത് വര്‍ഷമായി ഇങ്ങനെ കൃഷി തുടരുകയാണ്..
ഒഴിവ് ദിവസങ്ങളില്‍ പകല്‍ സമയത്തും തോട്ടത്തില്‍ ചെലവഴിക്കും. പഠനത്തിന്റെ ഇടവേളകളില്‍ പത്താം ക്ലാസുകാരിയായ മകളും തോട്ടത്തിലിറങ്ങും. മൂത്തമകള്‍ മുംബൈയില്‍ നഴ്സായി ജോലി ചെയ്യുകയാണ്. ചീരയ്ക്ക് ഒപ്പം ചെറിയ തോതില്‍ വെണ്ട, വെള്ളരി, പച്ചമുളക്, പയര്‍ , മധുരക്കിഴങ്ങ് തുടങ്ങിയവയെല്ലാം ഇവര്‍ കൃഷി ചെയ്യുന്നു. കൃഷിഭവനും പഞ്ചായത്തുമെല്ലാം പിന്തുണയുമായി ഒപ്പമുണ്ട്.
വിശ്രമമെന്നാല്‍ ഇവര്‍ക്ക് ഉറങ്ങുന്ന സമയം മാത്രമാണ്. സമയമില്ലാത്തതിനാല്‍ കൃഷി നടക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിയുന്നവര്‍ക്ക് മാതൃകയാക്കാവുന്നതാണ് ഇത്തിരി സമയം പോലും പാഴാക്കാത്ത, അധ്വാനിക്കാന്‍ മടിയില്ലാത്ത ഈ കുടുംബത്തെ.