സുഗന്ധം പരത്തും കുറ്റിമുല്ല കൃഷി
എന്നും ആവശ്യക്കാര്‍ ഏറെയാണെന്നത് തന്നെയാണ് മുല്ലപ്പൂ കൃഷിയെ ആദായകരമാക്കുന്നത്. കൃത്യമായി പരിപാലിച്ചാല്‍ നല്ല വരുമാനം നേടാനും മുല്ലപ്പൂ കൃഷിയിലൂടെ സാധിക്കും.മികച്ച പരിപാലനം നല്‍കിയാല്‍ നാലാം മാസം മുതല്‍ ചെറിയ രീതിയില്‍ പൂക്കള്‍ ലഭിച്ചുതുടങ്ങും. ഒരു വര്‍ഷമാകുമ്പോഴേക്കും കൃഷിയില്‍ ലാഭം നേടി തുടങ്ങാം.
സൂര്യപ്രകാശം നന്നായി ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളിലാണ് കുറ്റിമുല്ലകള്‍ നടേണ്ടത്. വെയില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ നട്ടാല്‍ പൂക്കളുടെ വലിപ്പത്തിലും ഉല്‍പ്പാദനത്തിലും കുറവുണ്ടാകും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
ഡബിള്‍ മൊഗ്രാ, സിംഗിള്‍ മൊഗ്രാ, ഇരുവച്ചി, രാമനാഥപുരം നാടന്‍, അര്‍ക്ക ആരാധന എന്നിങ്ങനെയുള്ള ഇനങ്ങളാണുള്ളത്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയങ്ങളിലാണ് കുറ്റിമുല്ല കൃഷി ചെയ്യാന്‍ അനുയോജ്യം. 3 മുതല്‍ 5 വരെ മുകുളങ്ങളും 20-25 സെന്റിമീറ്റര്‍ നീളവുമുള്ള വേര് പിടിപ്പിച്ച കമ്പുകളാണ് നടേണ്ടത്. ആഴത്തില്‍ മണ്ണ് കുഴിക്കണം. ഒന്നേകാല്‍ മീറ്റര്‍ അകലത്തില്‍ ഒന്നരയടി വീതം നീളം, വീതി, താഴ്ചയുള്ള കുഴികള്‍ എടുക്കണം. കുഴികളില്‍ 15 കിലോ ചാണകം, 200 ഗ്രാം എല്ലുപൊടി, 500 ഗ്രാം വെര്‍മികമ്പോസ്റ്റ്, 100 ഗ്രാം കടലപ്പിണ്ണാക്ക് എന്നിവ മേല്‍മണ്ണുമായി ചേര്‍ത്ത് 2 കമ്പ് വീതം കുഴികളില്‍ നടുക.
കമ്പ് നട്ട് ആറാം മാസം മുതല്‍ വര്‍ഷത്തില്‍ ഒരു തവണ രാസവളം ഉപയോഗിക്കണം. കൂടാതെ ചെടി ഒന്നിന് 100 ഗ്രാം കടലപ്പിണ്ണാക്കോ വേപ്പിന്‍ പിണ്ണാക്കോ എല്ലാ മാസവും നല്‍കണം.
ഓരോ വര്‍ഷവും വിളവെടുപ്പിന് ചെടിയെ തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രൂണിംഗ് അഥവാ കമ്പുകോതല്‍ ചെയ്യണം. തമിഴ്‌നാട്ടിലും കേരളത്തിലും പ്രൂണ്‍ ചെയ്യുന്നത് ഡിസംബര്‍- ജനുവരി മാസങ്ങളിലാണ്. ഏകദേശം 50 സെന്റിമീറ്റര്‍ ഉയരത്തില്‍ വെച്ച് ചെടിയുടെ ചുവട്ടില്‍ നിന്ന് കമ്പ് മുറിച്ചുമാറ്റുന്ന രീതിയാണ് കുറ്റിമുല്ലയില്‍ ചെയ്യുന്നത്. തുടര്‍ന്ന് രണ്ടാം ഗഡു വളങ്ങള്‍ നല്‍കുക. ചകിരിച്ചോറോ ഉണക്ക ഇലകളോ ഉപയോഗിച്ച് പുത ഇടുകയും ചെയ്യാം.
പൂമൊട്ടുകളെ ആക്രമിക്കുന്ന പുഴുക്കളെ നിയന്ത്രിക്കാന്‍ സ്പിനോസാഡ് എന്ന കീടനാശിനി പ്രയോഗിക്കാം. 0.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിച്ചുകൊടുത്താല്‍ മതി. കുറ്റിമുല്ലകളെ ബാധിക്കുന്ന മറ്റ് ചില രോഗങ്ങളാണ് ഇലപ്പുള്ളി രോഗവും വേര് ചീയലും. ഇവയ്ക്ക് ഒരു ശതമാനം ബോര്‍ഡോ മിശ്രിതം/ മാങ്കോസെബ് ( 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ )/ ബാവിസ്റ്റിന് ( ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) എന്നി കുമിള്‍നാശിനികള്‍ ഉപയോഗിക്കാം.
Content summery : Jasmine farming tips