പച്ചക്കറി കൃഷിയില്‍ അന്‍പത്തഞ്ചു വര്‍ഷത്തെ അനുഭവ സമ്പത്തുമായി കര്‍ഷകനായ രഘുവരന്‍ ചേട്ടന്‍
ആലപ്പുഴ ചേര്‍ത്തല തയ്ക്കല്‍ സ്വദേശി രഘുവരന്‍ കര്‍ഷകനായത് ഇന്നോ ഇന്നലെയോ അല്ല. കഴിഞ്ഞ 55 വര്‍ഷമായി മുടക്കമില്ലാതെ പച്ചക്കറി കൃഷി ചെയ്തു പോരുകയാണ് അദ്ദേഹം. കര്‍ഷകനായ അച്ഛന്റെ പാരമ്പര്യം പിന്തുടര്‍ന്ന് കൃഷിയിലേക്ക് ഇറങ്ങി. മണ്ണിനെ കുറിച്ചും വിളകളെ കുറിച്ചും പഠിച്ചെടുത്തു. അനുഭവങ്ങള്‍ കൂടിയായപ്പോള്‍ കൃഷി പരാജയമായില്ല. പാവല്‍, പടവലം, വെള്ളരി,പീച്ചില്‍ , മത്തന്‍, ചീര, ചുരയ്ക്ക, വെണ്ട, ഇളവന്‍, പച്ചമുളക് തുടങ്ങി മിക്ക പച്ചക്കറി ഇനങ്ങളും അദ്ദേഹം വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നു.
ഒരിക്കല്‍ പോലും കൃഷി നഷ്ടമായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു ഈ കര്‍ഷകന്‍. മക്കളുടെ പഠനം, വിവാഹം , മറ്റ് ചിലവുകള്‍ തുടങ്ങി എല്ലാം നടത്തിയത് കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രമാണ്. എല്ലാ ദിവസവും തോട്ടത്തിലെത്തും. ഒറ്റയ്ക്കാണ് അധ്വാനം. രാസ കീടനാശിനി ഈ തോട്ടത്തില്‍ അടുപ്പിക്കാറില്ല. കൃഷിയെ കുറിച്ച് മനസിലാക്കിയതിന് ശേഷം അതിലേക്ക് ഇറങ്ങിയാല്‍ നഷ്ടമുണ്ടാകില്ലെന്ന് ഉറപ്പ് പറയുന്നു രഘുവരന്‍ ചേട്ടന്‍.