അടിമുടി കർഷകനായ കഞ്ഞിക്കുഴി പയറിന്റെ കണ്ടുപിടുത്തക്കാരന്‍ ശ്രീ. ശുഭകേശൻ
പത്താം വയസില്‍ കൃഷിയിടത്തിലിറങ്ങി, പത്താംക്ലാസിന് ശേഷം ജീവിതം തന്നെ കൃഷിയായി. പറഞ്ഞുവരുന്നത് കിട്ടിയ സര്‍ക്കാര്‍ ജോലി പോലും വേണ്ടെന്ന് വച്ച് കൃഷി ജീവിതമായി തെരഞ്ഞെടുത്ത ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ശുഭകേശനെ കുറിച്ചാണ്. കഞ്ഞിക്കുഴിപ്പയർ വികസിപ്പിച്ച് ശ്രദ്ധ നേടിയ ഈ കര്‍ഷകനിപ്പോള്‍ കൃഷിയിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഫാം ടൂറിസത്തിലേക്ക് കൂടി കടന്നിരിക്കുകയാണ്.
പൊതുമേഖല സ്ഥാപനമായ ചേര്‍ത്തല സില്‍ക്ക് , കെ കെ കുമാരന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയ്ക്ക് കൃഷിയാവശ്യത്തിനായി നല്‍കിയ പതിനഞ്ചേക്കറിലാണ് ശുഭകേശന്റെ നേതൃത്വത്തില്‍, ഫാം ടൂറിസം ലക്ഷ്യം വച്ചുള്ള ജൈവപച്ചക്കറി തോട്ടം ഒരുക്കിയിരിക്കുന്നത്. പയര്‍, പാവല്‍, വെള്ളരി, മത്തന്‍, തണ്ണിമത്തന്‍, വെണ്ട, തക്കാളി, ശീതകാല പച്ചക്കറിയായ കാബേജ്, കോളിഫ്ലവർ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു.
സൂര്യകാന്തി, ബന്ദി തുടങ്ങി, നിറഞ്ഞ് നില്‍ക്കുന്ന പൂക്കള്‍ തോട്ടത്തെ മനോഹരമാക്കുന്നു. ഒപ്പം സുന്ദരമായൊരു മീന്‍ കുളവും ലൈവ് വെജിറ്റബിള്‍ ജ്യൂസുമെല്ലാം ഇവിടെയുണ്ട്. ധാരാളം ആളുകളാണ് തോട്ടത്തിന്‌റെ ഭംഗി ആസ്വദിക്കാനും കൃഷി രീതി മനസിലാക്കാനുമായി സന്ദര്‍ശകരായി ഇവിടെ എത്തുന്നത്. ജൈവകൃഷി മാത്രം ചെയ്താണ് പാടവും പറമ്പും ഒപ്പം ജീവിതവും ശുഭകേശൻ പച്ചപിടിപ്പിച്ചത്.